കേരള ഖരമാലിന്യ പരിപാലന പദ്ധതി; രൂപരേഖ തയാറാക്കാൻ തലശ്ശേരി നഗരസഭ
text_fieldsതലശ്ശേരി: നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (എസ്.ഡബ്ല്യു.എം പ്ലാൻ) തയാറാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേക്ക് ഹോൾഡേഴ്സ് കൺസൾട്ടേഷൻ യോഗം സംഘടിപ്പിച്ചു. നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം പി).
ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഖരമാലിന്യ പരിപാലന രംഗത്തെ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
കേരളത്തിലെ 87 നഗരസഭകളിലും ആറ് കോർപ്പറേഷൻ പരിധിയിലുമായി കഴിയുന്ന 75 ലക്ഷത്തോളം പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന പദ്ധതിക്ക് എല്ലാ നഗരസഭകളിലും നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയാറാക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 30 മുനിസിപ്പാലിറ്റികളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തതിൽ ജില്ലയിൽ തലശ്ശേരി, കൂത്തുപറമ്പ്, ആന്തൂർ നഗരസഭകളാണ് ഉൾപ്പെട്ടിരിക്കുന്നത്. തലശ്ശേരി നഗരസഭയിലെ ഉദ്ഘാടനം ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സാഹിറ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ. രേഷ്മ, എം.വി. ജയരാജൻ, ഷബാന ഷാനവാസ്, കൗൺസിലർമാർ കെ.എസ്.ഡബ്ലു.എം.പി ഡെപ്യൂട്ടി ജില്ല കോഓഡിനേറ്റർ ഷിന്റ, ഇ. വിനോദ്കുമാർ, കെ. പ്രമോദ്, ധനേഷ്, ഡോ.അഭിഷേക്, വിപിൻ എന്നിവർ സംസാരിച്ചു. കെ.ടി. ജിജു, ധനേഷ്, പറശ്ശിൻരാജ്, ബാലമുകേഷ്, സുരേഷ് കുമാർ, നാഗേഷ് നന്ദാൽ, ഗ്രീന ജോസ് എന്നിവർ ഗ്രൂപ് ചർച്ചകൾക്ക് നേതൃത്വം നൽകി. വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമസേന, രാഷ്ട്രീയ പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ, സാമൂഹിക, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.