വാഹനമിടിച്ച് മരണം; അറസ്റ്റിന് താൽക്കാലിക വിലക്ക്
text_fieldsതലശ്ശേരി: ബക്രീദ് തലേന്ന് ജൂബിലി റോഡിൽ ആഡംബര കാറിടിച്ച് എൻജിനീയറിങ് വിദ്യാർഥി താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ് ലാഹ് ഫറാസ് (19) മരിച്ച കേസിൽ കുറ്റാരോപിതനായ കതിരൂർ ഉക്കാസ്മൊട്ടയിലെ ഒമേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിനെ (20) അറസ്റ്റ് ചെയ്യുന്നത് സെപ്റ്റംബർ 29 വരെ ഹൈകോടതി സ്റ്റേ ചെയ്തു. സംഭവത്തിന്റെ കേസ് ഡയറി ഹാജരാക്കാനും കോടതി പൊലീസിന് നിർദേശം നൽകി.
റൂബിൻ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. യുവാവിനെ കണ്ടെത്താൻ തലശ്ശേരി സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് തിരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. ഇതിനിടയിലാണ് റൂബിൻ ഉമർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിലെത്തിയത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തലശ്ശേരി കോടതി തള്ളിയിരുന്നു. പ്രതി രാജ്യം വിടാതിരിക്കാൻ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കുറ്റവാളിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പാനൂർ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ നിൽപുസമരം സംഘടിപ്പിച്ചിരുന്നു. എസ്.എസ്.എഫിന്റെ സജീവ പ്രവർത്തകനാണ് ഫറാസ്. പഠനാവശ്യത്തിന് ലാപ്ടോപ് എടുക്കാനായി വീട്ടിൽ നിന്നും തലശ്ശേരിയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിലാണ് റൂബിൻ ഒമർ റോഡിലൂടെ അഭ്യാസപ്രകടനം നടത്തി ഓടിച്ച പജേറോ വാഹനമിടിച്ച് ഫറാസ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.