കൊടുവള്ളി മേൽപാലം നിർമാണം: ഗിരിജയുടെ വീട് പൊളിച്ചുമാറ്റി
text_fieldsതലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപാലം നിർമാണത്തിന് വിഘാതമായി നിന്ന വീട് പ്രതിഷേധത്തിനും സംഘർഷത്തിനുമൊടുവിൽ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി.
കൊടുവള്ളി നിട്ടൂരിൽ വാമൽ വീട്ടിൽ എൻ. ഗിരിജയുടെ (55) വീടാണ് ശനിയാഴ്ച വൈകീട്ട് പൊലീസ് കാവലിൽ പൊളിച്ചത്. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ, പുനരധിവാസത്തിന് ഗിരിജക്ക് ഫ്ലാറ്റ് ഒരുക്കിയതായുള്ള ജില്ല കലക്ടറുടെ ഉത്തരവ് എത്തിയതിന് പിന്നാലെയാണ് റെയിൽവേ മേൽപാലം വഴിയിലെ വീട് യന്ത്രമുപയോഗിച്ച് പൊളിച്ചത്.
വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ മുതൽ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. തലശ്ശേരി സബ് കലക്ടർ അനുകുമാരിയുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ടായിരുന്നു. തൊഴിലാളികളെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
ഗിരിജയെ ശനിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥർ വീട്ടിലെ സാധന സാമഗ്രികൾ വാഹനത്തിൽ കയറ്റി. പ്രദേശവാസികളായ ചിലരും വിവരമറിഞ്ഞെത്തിയ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവരും പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. ഗിരിജയെ അന്യായമായി കസ്റ്റഡിയിലെടുത്ത് വീട് ഒഴിപ്പിക്കാനാവില്ലെന്ന് നഗരസഭാംഗമുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു.
എന്നാൽ, വീട് ഒഴിപ്പിക്കുമെന്ന് ഉദ്യോഗസ്ഥ സംഘവും. വൈകീട്ടുവരെ നീണ്ട പ്രതിഷേധത്തിനും ചർച്ചക്കുമൊടുവിലാണ് വീട്ടുകാരിയെ പുനരധിവസിപ്പിക്കാൻ ധാരണയായത്. വൈകീട്ട് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കളുമായി വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി.
റെയിൽവേ മേൽപാലത്തിനായി ഏറ്റെടുത്ത സ്ഥലത്തെ മറ്റുള്ളവരെല്ലാം ഒഴിഞ്ഞുപോയെങ്കിലും ഹൈകോടതി ഉത്തരവിെൻറ ബലത്തിൽ ഗിരിജ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് തലശ്ശേരി സബ് കലക്ടർ അനുകുമാരിയുടെയും തഹസിൽദാർ ഷീബയുടെയും നേതൃത്വത്തിൽ വീട് ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. ഒഴിഞ്ഞുപോവാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബലമായി കുടിയൊഴിപ്പിക്കേണ്ടി വന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, പുനരധിവാസം ഉറപ്പിക്കാതെ നാലുമാസത്തേക്ക് ഗിരിജയെ വീട്ടിൽനിന്ന് ഇറക്കിവിടരുതെന്ന് കഴിഞ്ഞ ഒമ്പതിന് ഹൈകോടതി ഉത്തരവിട്ടതായി ഗിരിജയുടെ അഭിഭാഷകൻ അഡ്വ. പ്രദീപ് പറഞ്ഞു.
താമസസ്ഥലം ഒഴിയണമെന്ന് അറിയിച്ച് തലശ്ശേരി സബ് കലക്ടർ പുറപ്പെടുവിച്ച നോട്ടീസും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയിരുന്നു. ഇല്ലത്തുതാഴ പപ്പൻ പീടികക്കടുത്ത സൂനാമി ഫ്ലാറ്റിലാണ് ഗിരിജയെ പുനരധിവസിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.