കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡിന് ഒടുവിൽ ശാപമോക്ഷം
text_fieldsതലശ്ശേരി: കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡിന് ഒടുവിൽ താൽക്കാലിക ശാപമോക്ഷം. പാനൂരിൽനിന്നും തലശ്ശേരിയിലേക്കും എരഞ്ഞോളി പാലത്തേക്കുമുള്ള എളുപ്പവഴിയായ കുട്ടിമാക്കൂൽ കണ്ടിക്കൽ റോഡിന്റെ ശോച്യാവസ്ഥ ജനത്തിന് ദുരിതമായി മാറിയിരുന്നു. റോഡിൽ കുഴികൾ നിറഞ്ഞതിനാൽ അപകടം നിത്യസംഭവമായി. മഞ്ഞോടി ജങ്ഷൻ ബ്ലോക്കായാൽ പാനൂരിലേക്കുള്ള ബസുകളും കോപ്പാലത്തേക്ക് ഇന്ധനം നിറക്കാനുള്ള ബസുകളും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിച്ചിരുന്ന റോഡാണിത്.
രണ്ട് കിലോമീറ്ററോളം റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുസ്സഹമായിരുന്നു. കുഴികളിൽ വീണ് ഒരു മാസത്തിനിടെ 18ഓളം ഇരുചക്രവാഹന യാത്രികർക്കാണ് പരിക്കേറ്റത്. മഴവെള്ളം നിറഞ്ഞ് കുഴികളോ, കുഴികളുടെ ആഴമോ തിരിച്ചറിയാനാവാത്ത അവസ്ഥയായിരുന്നു. കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണാണ് അപകടങ്ങൾ ഏറെയും. മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ നഗരസഭ പൊതുമരാമത്ത് വിഭാഗം വ്യാഴാഴ്ച അറ്റകുറ്റപ്പണി നടത്തി കുഴികൾ അടച്ചു. ഇതോടെ ഇപ്പോൾ ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക ആശ്വാസമായി. കണ്ടിക്കൽ ജങ്ഷനിൽ വൻ കുഴി രൂപപ്പെട്ടതും അടച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.