അഭിഭാഷകരുടെ ക്രിക്കറ്റ്: മംഗളൂരു ബാർ അസോസിയേഷൻ ചാമ്പ്യന്മാർ
text_fieldsതലശ്ശേരി: ജില്ല കോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ലീഗൽ ഫ്രറ്റേണിറ്റി ക്രിക്കറ്റ് ടൂർണമെൻറിൽ മംഗളൂരു ബാർ അസോസിയേഷൻ ചാമ്പ്യന്മാരായി. വടക്കാഞ്ചേരി ബാർ അസോസിയേഷനെയാണ് 28 റൺസിന് തോൽപിച്ചത്.
നാല് പൂളുകളിലായി 12 ടീമുകൾ പങ്കെടുത്ത മത്സരത്തിൽനിന്ന് തലശ്ശേരി ബാർ അസോസിയേഷൻ, മൈസൂരു ബാർ അസോസിയേഷൻ, വടക്കാഞ്ചേരി ബാർ അസോസിയേഷൻ, മംഗളൂരു ബാർ അസോസിയേഷൻ എന്നിവർ സെമിഫൈനലിലേക്ക് വിജയിച്ചു. തുടർന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ തലശ്ശേരി ബാർ അസോസിയേഷൻ വടക്കാഞ്ചേരി ബാർ അസോസിയേഷനുമായി ഏറ്റുമുട്ടിയപ്പോൾ അവസാന ബാൾ അവശേഷിക്കെ വടക്കാഞ്ചേരി ബാർ അസോസിയേഷൻ വിജയിച്ചു. രണ്ടാം സെമിയിൽ മംഗളൂരു ബാറും മൈസൂരു ബാറും ഏറ്റുമുട്ടിയപ്പോൾ മംഗളൂരു ഫൈനലിലേക്ക് യോഗ്യത നേടി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ബൗളിങ്ങിൽ തിളങ്ങിയ മംഗളൂരു ടീം വടക്കാഞ്ചേരിയെ 28 റൺസിന് പരാജയപ്പെടുത്തുകയായിരുന്നു. ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യസ്ഥാനത്ത് എത്തിയ മംഗളൂരു ബാർ ടൂർണമെൻറിലെ ചാമ്പ്യന്മാരായി. അഡ്വ. വി. ബാലൻ ഫൗണ്ടേഷൻ അംഗം അഡ്വ. സി.പി. ബിജോയിയും ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ.എ. സജീവനും ചേർന്ന് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ് ട്രോഫി അഡ്വ. ശങ്കരനാരായണനും ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജി.പി. ഗോപാലകൃഷ്ണനും ചേർന്ന് സമ്മാനിച്ചു.
മുതിർന്ന അഭിഭാഷകരായ കെ.പി. ഹരീന്ദ്രൻ, കെ. വിശ്വൻ, ഗവ. പ്ലീഡർ അഡ്വ.കെ. അജിത്കുമാർ, അഡ്വ. എം. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. അഭിഭാഷകരായ നിഷാന്ത്, സുജിത് മോഹൻ, ഷിമ്മി, എസ്. രാഹുൽ, യു. ആഷിദ, പ്രണിൽ, ഇ.വി. സജ്ന, കവിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.