തലശ്ശേരി ജൂബിലി കോംപ്ലക്സിൽ ചോർച്ചക്ക് ശമനമില്ല
text_fieldsതലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിലക്കാത്ത ചോർച്ച. മഴക്ക് ശക്തി കൂടുമ്പോൾ ചോർച്ചയുടെ വ്യാപ്തിയും ഉയരുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ കോൺക്രീറ്റ് കെട്ടിടം ഇപ്പോൾ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ഒരു ഭാഗത്ത് ചോർച്ച ശക്തമാവുമ്പോൾ മറുഭാഗത്ത് കെട്ടിടത്തിന്റെ സീലിങ്ങിലെ സിമന്റ് പാളികൾ പൊളിഞ്ഞു വീഴുന്ന സ്ഥിതിയാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. മുകളിലെയും താഴെ നിലയിലെയും സീലിങ്ങിൽ സിമന്റ് പാളികൾ പല ഭാഗത്തായി ഇതിനകം പൊളിഞ്ഞുവീണിട്ടുണ്ട്.
വ്യാപാരികൾ സ്വന്തം ചെലവിൽ തന്നെ ഇതിന് പരിഹാരം കാണണമെന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം താഴെ നിലയിലെ കല്യാണി മെഡിക്കൽ ഷോപ്പിന്റെ സീലിങ് ഉൾപ്പെടെ തകർന്നു വീണു. കനത്ത മഴയിൽ കോംപ്ലക്സിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ചോർച്ച രൂക്ഷമായിട്ടുള്ളത്. പ്രസ് ഫോറം, ലൈബ്രറി കൗൺസിൽ ഹാൾ ഉൾപ്പെടെ ദിവസങ്ങളായി ചോർന്നൊലിക്കുകയാണ്. ചോർച്ച ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി മുകളിൽ ഷീറ്റ് പാകിയെങ്കിലും കാലവർഷമാവുമ്പോൾ ചോർച്ചക്ക് യാതൊരു കുറവുമില്ല. ചാക്കുകൾ വിരിച്ചും ബക്കറ്റുകളിലും മറ്റും ചോർന്നൊലിക്കുന്ന വെള്ളം ശേഖരിച്ച് പുറത്ത് കളയേണ്ട സ്ഥിതിയിലാണ്. താഴത്തെ നിലയിലും സ്ഥിതി സമാനമാണ്. വിഷയം നിരവധിതവണ നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടായില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.