മംഗലാട്ട് രാഘവൻ: വിടവാങ്ങിയത് സോഷ്യലിസ്റ്റ് ധാരയുടെ നേതാവ്, മാധ്യമ പ്രവർത്തനത്തിെൻറ കുലപതി
text_fieldsതലശ്ശേരി: മയ്യഴി പോരാട്ട ചരിത്രത്തിെൻറയും മാധ്യമപ്രവർത്തനത്തിെൻറയും പ്രകാശം നിറഞ്ഞ അധ്യായമാണ് മംഗലാട്ട് രാഘവെൻറ നിര്യാണത്തിലൂടെ അവസാനിച്ചത്. കാലത്തിെൻറ വെല്ലുവിളി നെഞ്ചേറ്റിയായിരുന്നു അദ്ദേഹം ചരിത്രത്തിെൻറ ഭാഗമായത്. ഫ്രഞ്ച് അധീന മയ്യഴിയില്‍ ജനിച്ച മംഗലാട്ടിന് മറ്റ് വഴികളുണ്ടായിരുന്നില്ല. ഫ്രഞ്ച് സെൻട്രൽ സ്കൂളിലെ ഫ്രഞ്ച് മാധ്യമത്തിലെ പഠനമായിരുന്നു അദ്ദേഹത്തിന് വഴിത്തിരിവായത്. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി. വിമോചനസമരത്തിന് നേതൃത്വം നൽകിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതാവുമായിരുന്നു.
ബ്രിട്ടീഷ് ആധിപത്യത്തിെൻറ തകര്‍ച്ചക്കു ശേഷം ശക്തമായ മയ്യഴി വിമോചനസമരത്തിെൻറ നേതൃനിരയില്‍ ഐ.കെ. കുമാരന്, സി.ഇ. ഭരതന് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ഫ്രഞ്ച് ഭരണം തുടരണോ എന്ന കാര്യം നിശ്ചയിക്കാന്‍ ജനഹിതപരിശോധന നടത്താനുള്ള ഫ്രഞ്ച് നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ആശയപ്രചരണം നടത്തി. വോട്ടര്‍ കാര്‍ഡ് നൽകുന്നതിലെ ക്രമക്കേടിനെതിരെ മയ്യഴി മെറിയില്‍ (മേയറുടെ ഓഫിസ്) നടന്ന സത്യഗ്രഹത്തിനു നേരെ ഫ്രഞ്ച് അനുകൂലികള്‍ അതിക്രമം നടത്തുകയും ഐ.കെ. കുമാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നടന്ന മയ്യഴി പിടിച്ചെടുക്കലിന് നേതൃത്വം നൽകി. മയ്യഴിയിലെ ഫ്രഞ്ച് സ്ഥാപനങ്ങളെല്ലാം കീഴടക്കി മുന്നേറിയ സമരഭടന്മാര്ക്കെതിരെ നിറത്തോക്കുകളുമായി വന്ന ഫ്രഞ്ച് പട്ടാളത്തിനു നേരെ 'ഇത് ഇന്തോചൈനയല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, വെടിവെക്കുന്നെങ്കില്‍ ആദ്യം ഈ മാറിലേക്ക് വെടിവെക്കൂ' എന്ന് വെല്ലുവിളിച്ചു വിരിമാറു കാണിച്ച ധീരനായിരുന്നു അദ്ദേഹം. ഫ്രഞ്ച് പൊലീസിെൻറ നിറതോക്കിന് അദ്ദേഹത്തിെൻറ വിരിമാറിനു മുന്നിൽ പതറേണ്ടിവന്നതും ചരിത്രം.
വിപ്ലവത്തെത്തുടര്‍ന്ന് സ്വതന്ത്രമാക്കപ്പെട്ട മയ്യഴിയുടെ ഭരണത്തിനായി രൂപവത്കരിച്ച ജനകീയ സർക്കാറിൽ അംഗമായിരുന്നു. ഫ്രഞ്ച് സൈന്യം വന്ന് മയ്യഴി തിരിച്ചുപിടിച്ചതോടെ മഹാജനസഭാ നേതാക്കളോടൊപ്പം രാഷ്ട്രീയാഭയാര്‍ഥിയായി മയ്യഴിക്കു പുറത്തു കടന്നു. വിപ്ലവക്കേസില്‍ ഫ്രഞ്ച് കോടതി 20 വര്‍ഷം തടവും ആയിരം ഫ്രാങ്ക് പിഴയും വിധിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ എക്സ്ട്രാഡിഷന്‍ വാറൻറ് പുറപ്പെടുവിച്ചുവെങ്കിലും പിടികൊടുക്കാതെ ഫ്രഞ്ച് വിമോചനസമരത്തിന് നേതൃത്വം നൽകി.
1954ല്‍ മയ്യഴി വിമോചിപ്പിക്കാനായി മാഹി പാലത്തിനരികില്‍ നിന്ന് പുറപ്പെട്ട വിമോചനമാര്‍ച്ചിലും പങ്കെടുത്തു. വിമോചനസമരകാലത്ത് ഫ്രഞ്ച്ഭരണാധികാരികളുമായി ഇന്ത്യന്‍ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചകളില്‍ മഹാജനസഭയെ പ്രതിനിധാനംചെയ്തും പരിഭാഷകനായും പങ്കാളിയായിരുന്നു. മയ്യഴി സ്വതന്ത്രമായതിനു ശേഷമാണ് മുഴുസമയ പത്രപ്രവര്‍ത്തകനായത്. കെ.പി. കേശവമേനോന്, കെ. കേളപ്പന് എന്നിവരുടെ സഹപ്രവര്‍ത്തകനായി മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എം.ആര്, ആര്.എം എന്നീ പേരുകളില്‍ എഴുതിയ സാമൂഹിക-രാഷ്ട്രീയ ലേഖനങ്ങള്‍ മാതൃഭൂമിയിലെ ശ്രദ്ധേയമായ വായനാവിഭവങ്ങളായിരുന്നു. 1981ലാണ് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചത്.
മംഗലാട്ട് രാഘവന് നാടിെൻറ അന്ത്യാഞ്ജലി
തലശ്ശേരി: അന്തരിച്ച മംഗലാട്ട് രാഘവന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത് നിരവധിപേര്‍. ശനിയാഴ്ച ഉച്ചക്കുശേഷം തലശ്ശേരി ടൗണ്‍ഹാളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ഒരുനോക്കു കാണാൻ സമൂഹത്തിെൻറ വിവിധ തുറകളിൽനിന്നുള്ളവർ എത്തിയിരുന്നു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി എന്നിവര്‍ നേരിട്ടെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
കെ.പി. മോഹനന് എം.എല്‍.എക്കുവേണ്ടി എല്‍.ജെ.ഡി ജില്ല വൈസ് പ്രസിഡൻറ് കെ.കെ. ജയപ്രകാശും വി. മോഹനനും മാഹി എം.എല്‍.എ രമേശ് പറമ്പത്തിനുവേണ്ടി ഐ. അരവിന്ദനും റീത്ത് സമര്‍പ്പിച്ചു. ഐ.കെ. കുമാരന് മാസ്റ്റര്‍ മെമ്മോറിയല്‍ ഭാരവാഹികളായ സത്യന് കേളോത്ത്, കീഴത്തൂർ പത്മനാഭന്, വിവിധ കക്ഷി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.സി. പവിത്രന്, ടി.പി. ശ്രീധരന്, സി.എന്‍. ചന്ദ്രന്, മമ്പറം ദിവാകരന്, എം.പി. അരവിന്ദാക്ഷൻ, വി.എ. നാരായണൻ, സജ്ജീവ് മാറോളി, വി.സി. പ്രസാദ്, പി. സന്തോഷ് കുമാർ, സി.പി. ഷൈജന്‍, അഡ്വ. കെ.എ. ലത്തീഫ്, എന്‍. ഹരിദാസ്, കെ. ലിജേഷ്, സി.പി. സന്തോഷ്കുമാർ തുടങ്ങിയവർ ആദരാഞ്ജലി അര്‍പ്പിച്ചു. മംഗലാട്ട് രാഘവെൻറ നിര്യാണത്തിൽ കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.