പരാതികൾ മാറാതെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ
text_fieldsതലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച യന്ത്രപ്പടി (എസ്കലേറ്റർ) ആർക്കുവേണ്ടിയാണെന്നാണ് യാത്രക്കാരുടെ ചോദ്യം. ഇത് സ്ഥാപിച്ചതു മുതൽ പരാതി കേൾക്കുന്നുണ്ട്. എന്നാൽ, നന്നാക്കാൻ ആർക്കും താൽപര്യമില്ല. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച യന്ത്രം ഇപ്പോൾ നോക്കുകുത്തിയായി.
ഉദ്ഘാടനം ചെയ്ത അന്നുമുതൽ യന്ത്രപ്പടി ഇടക്കിടെ പണിമുടക്കി തുടങ്ങിയതാണ്. റിപ്പയർ ചെയ്താലും ദിവസങ്ങൾ കഴിഞ്ഞാൽ പഴയപടിയാവും. വടകര മുൻ എം.പി മുല്ലപ്പള്ളി രാമചന്ദ്രെൻറ ഫണ്ടിൽനിന്ന് 1.30 കോടി രൂപ വിനിയോഗിച്ചാണ് എസ്കലേറ്റർ സ്ഥാപിച്ചത്. ഇടക്കിടെ പ്രവർത്തനം നിലക്കുന്ന യന്ത്രം നന്നാക്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതരും വലിയ താൽപര്യമെടുക്കുന്നില്ല.
ഒന്നാം പ്ലാറ്റ്ഫോമിലെ പ്രവേശന കവാടത്തിെൻറ തെക്ക് ഭാഗത്തായിരുന്നു എസ്കലേറ്റർ. ഗുണനിലവാര ക്കുറവാണോ യന്ത്രം ഇടക്കിടെ പണിമുടക്കുന്നതിന് കാരണമെന്ന ചോദ്യവും യാത്രക്കാരിൽ നിന്നുയരുന്നുണ്ട്. എസ്കലേറ്റർ സ്ഥാപിക്കാൻ മുൻ കൈയെടുത്ത മുൻ എം.പിയും ഇത് കൈയൊഴിഞ്ഞ പോലെയാണ്.
ടിക്കറ്റിന് ഒരു കൗണ്ടർ; പരക്കം പാഞ്ഞ് യാത്രക്കാർ
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ യാത്രക്കാർക്ക് പെടാപ്പാട്. കോവിഡ് കാലത്തെ അനിശ്ചിതത്വത്തിനു ശേഷം പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ടിക്കറ്റിന് വരി നിന്ന് മടുക്കുകയാണ് യാത്രക്കാർ. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ട്ു പ്ലാറ്റ്ഫോമിലുമായി ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണുള്ളത്. കോവിഡിനു മുമ്പ് ഒന്നാം പ്ലാറ്റ്ഫോമിൽ രണ്ടും രണ്ടാം പ്ലാറ്റ്ഫോമിൽ ഒരു കൗണ്ടറും പ്രവർത്തിച്ചിരുന്നു.
നിയന്ത്രണങ്ങൾ അടുത്തകാലത്ത് കർക്കശമാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ ടിക്കറ്റ് കൗണ്ടർ തുറന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ തയാറല്ല. ടിക്കറ്റിന് സൗകര്യമൊരുക്കാതെ അപകടത്തിലേക്കാണ് യാത്രക്കാരെ റെയിൽവേ നയിക്കുന്നത്. ടിക്കറ്റിന് കാത്തുനിൽക്കുന്നതിനിടെ ട്രെയിൻ വരുമ്പോൾ യാത്രക്കാർ പലരും ഓടിക്കയറുകയാണ്. പലപ്പോഴും ടിക്കറ്റ് എടുക്കാനും യാത്രക്കാർക്ക് സാധിക്കുന്നില്ല. പാസഞ്ചർ ട്രെയിനുകളും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് കൂടുതൽ കൗണ്ടർ തുറന്നാൽ അതിെൻറ നേട്ടം റെയിൽവേക്കാണ്.
ശൗചാലയം പൂട്ടിയിട്ടു
തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ വിശ്രമമുറിയിലെ ശൗചാലയം അടഞ്ഞു തന്നെ. നിത്യവും മലയോര മേഖലയിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്നതാണ് ഈ സ്റ്റേഷൻ. ടാങ്ക് നിറഞ്ഞതാണ് ശൗചാലയം അടച്ചിടലിനു കാരണമായി പറയുന്നത്. സ്റ്റേഷനിലെ മറ്റ് ശൗചാലയങ്ങളും വൃത്തിഹീനമാണ്. ശൗചാലയം അടച്ചിട്ട നടപടിയിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.