സർക്കാർ ധനസഹായം സ്വീകരിച്ച് മാവോയിസം ഉപേക്ഷിക്കാമെന്ന് രണ്ട് മാവോവാദികൾ
text_fieldsതലശ്ശേരി: സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് റിമാൻഡിൽ കഴിയുന്ന മാവോവാദികൾ. മാവോയിസ്‌റ്റ് പശ്‌ചിമഘട്ട മേഖല സെക്രട്ടറി കർണാടക ശൃംഗേരി നെൻമാരു എസ്‌റ്റേറ്റിലെ ബി.ജി. കൃഷ്‌ണമൂർത്തി (വിജയ്-47), കബനീദളം അംഗം ചിക്‌മംഗളൂരു ജെറേമന ഹള്ളുവള്ളിയിലെ സാവിത്രി (രജിത-33) എന്നിവർ ഇതു സംബന്ധിച്ച് ജില്ല സെഷൻസ് ജഡ്‌ജിക്ക് കത്ത് നൽകി.
മാവോയിസ്‌റ്റ് ബന്ധം അവസാനിപ്പിച്ച് ജനാധിപത്യ സംവിധാനവുമായി സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച് കൃഷ്‌ണമൂർത്തി ഇംഗ്ലീഷിലും സാവിത്രി കന്നഡയിലുമാണ് കത്ത് തയ്യാറാക്കി നൽകിയത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ അഭിപ്രായം ആരാഞ്ഞശേഷം സെഷൻസ് ജഡ്‌ജി ജോബിൻ സെബാസ്‌റ്റ്യൻ വിശദ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി.
കീഴടങ്ങാൻ തയ്യാറാകുന്ന മാവോവാദികൾക്കായി 2018ലാണ് സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. കീഴടങ്ങുന്നവർക്ക് ധനസഹായവും ജോലിയുമടക്കം പുനരധിവാസ പദ്ധതിയിലുണ്ട്. മാവോവാദികളുടെ പ്രവര്‍ത്തനവും സംഘടനയിലെ അവരുടെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചാണ് പദ്ധതി. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദേശിച്ചിട്ടുളളത്.
ഉയര്‍ന്ന കമ്മിറ്റികളിലുള്ളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപയും നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക. തങ്ങളുടെ ആയുധം പോലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഉദാഹരണമായി എ കെ 47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കുക. മൂന്നു വിഭാഗത്തിലും പെട്ട വീടില്ലാത്തവര്‍ക്ക് സര്‍ക്കാറിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിര്‍ദേശമുണ്ട്.
കണ്ണൂർ ജില്ലയിലെ ആറളം, കരിക്കോട്ടക്കരി സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളായ രണ്ടുപേരെയും കഴിഞ്ഞ വർഷം നവംബർ 10ന് മഥൂർ വനം ചെക്‌പോസ്‌റ്റിന് സമീപത്തുനിന്നാണ് എ.ടി.എസ് കസ്‌റ്റഡിയിലെടുത്തത്. ഇരിട്ടി അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിലെ വീടുകളിൽ 2017 മാർച്ച് 20ന് രാത്രി അതിക്രമിച്ചുകയറി തോക്കുചൂണ്ടി അരിയും സാധനങ്ങളും വാങ്ങുകയും മാവോയിസ്‌റ്റ് ലഘുലേഖ വിതരണം ചെയ്യുകയും ചെയ്‌തെന്ന കേസിലാണ് കൃഷ്‌ണമൂർത്തിയെ അറസ്റ്റ് ചെയ്തത്.
ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ വീട്ടിൽ 2020 ഫെബ്രുവരി 24ന് രാത്രി അതിക്രമിച്ചുകയറി അരിയും പച്ചക്കറിയും എടുത്തുകൊണ്ടുപോയ കേസിലെ നാലാം പ്രതിയാണ് സാവിത്രി.
കബനീദളം ഡെപ്യൂട്ടി കമാൻഡന്റ് പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് എന്ന രാമു (37) കഴിഞ്ഞ വർഷം പൊലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.