തലശ്ശേരിയിൽ വഴിയോര വിപണി സജീവം
text_fieldsതലശ്ശേരി: അത്യുഷ്ണത്തിനിടയിലും പെരുന്നാൾ-വിഷു വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കച്ചവടക്കാർ കൂട്ടത്തോടെ നഗരത്തിലെത്തി. ഇനിയുള്ള ഒരാഴ്ചക്കാലം നഗരത്തിൽ വിപണി പൊടിപൊടിക്കും. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്താണ് വഴിവാണിഭക്കാർ പ്രത്യേകം ടെൻറ് കെട്ടി ഉത്പന്നങ്ങൾ അണിനിരത്തിയിട്ടുള്ളത്. വേനൽ മഴയൊന്നുമില്ലെങ്കിൽ പ്രതീക്ഷിക്കുന്ന വ്യാപാരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കച്ചവടക്കാർ. ബിഹാറിൽനിന്നുള്ള സർവിന്ദ് സിങ്, ഓം പ്രകാശ് സിങ് എന്നിവരടങ്ങുന്ന ഏഴംഗ സംഘം വ്യത്യസ്തങ്ങളായ കുഞ്ഞുടുപ്പുകളും ടോപ്പുകളുമായാണ് എത്തിയത്. ഏതെടുത്താലും 180 രൂപയാണ് കുഞ്ഞുടുപ്പുകൾക്ക്. ബാബാ സൂട്ട് - ജീൻസ് എന്നിവക്ക് 200 രൂപ, ലേഡീസ് ടോപ്പുകൾക്ക് 300 രൂപ എന്നിങ്ങനെയാണ് വില.
ഏപ്രിൽ തുടക്കത്തിൽ തന്നെ നഗരത്തിലെത്തിയ സംഘം തങ്ങളുടെ കച്ചവടത്തിനുള്ള സ്ഥലം കണ്ടെത്തി മുനിസിപ്പൽ അധികൃതരിൽ നിന്നും സമ്മതം വാങ്ങിയിരുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴിവാണിഭ സംഘവും നഗരത്തിലെത്തി. ചെറിയ കുട്ടികളുടെ ജീൻസ്, കുർത്ത, പൈജാമ, ബാബാസ്യൂട്ട് എന്നിങ്ങനെയുള്ള ഇനങ്ങളാണ് വഴിയോര കച്ചവടക്കാരിൽ കൂടുതലും. ഒരു വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പാകത്തിലുള്ളവയാണിത്. കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത ഇനങ്ങളിലുള്ള ഡെയ് ലി വെയർ വസ്ത്രങ്ങളുമായാണ് മൈസൂരുവിൽനിന്നും തബ്രീസിന്റെ നേതൃത്വത്തിലുളള സംഘമെത്തിയത്. സാദിഖ്, ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമുണ്ട്. ഷോട്ട്സ്, ഷർട്ട്, ലഗിൻസ്, ടീഷർട്ട്, നൈറ്റി, ലേഡീസ് ടോപ്, നൈറ്റ് ഡ്രസ് തുടങ്ങിയവയാണ് മൈസൂരുവിൽ നിന്നെത്തിയിട്ടുളളത്. 100 രൂപ മുതൽ 250 രൂപ വരെയാണ് നിശ്ചയിച്ച വില. സീസൺ കച്ചവടത്തിനായി ഇതിന് മുമ്പും സംഘം തലേശ്ശരിയിൽ വന്നിട്ടുണ്ട്.
തമിഴ്നാട് ഈറോഡിൽ നിന്നുളള സതീഷ് ദുരൈ സ്വാമി ദോത്തി മുണ്ടുകളും ലുങ്കികളുമായാണ് തലശ്ശേരിയിലെത്തിയത്. ലുങ്കിക്ക് 100 രൂപ, 250 മുതൽ 350 രൂപ വരെയാണ് ദോത്തികൾക്ക്. കിടക്കവിരികൾ, സോഫ കവർ, റൂം മാറ്റ്, തലയണ കവർ, കാർപറ്റ്, ടേബിൾ ഷീറ്റ്, ചവിട്ടി, ചൈന-രാജസ്ഥാൻ ബെഡ്ഷീറ്റുകൾ തുടങ്ങിയ വ്യത്യസ്ത ഉൽപന്നങ്ങളുമായി തൃശൂർ തിരുവില്ല്യാമലയിൽ നിന്നുള്ള കച്ചവടക്കാരും വഴിയോര വിപണിയിലുണ്ട്. 150 മുതൽ 750 രൂപ വരെയുളള കിടക്കവിരി കൾ കൂട്ടത്തിലുണ്ട്. മിതമായ വിലയിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നതെന്ന് കച്ചവട സംഘത്തിലെ ബാലു പറഞ്ഞു.
ഇവരോടൊപ്പം വിപണി സജീവമാക്കാൻ നാട്ടുകാരായ കച്ചവടക്കാരും ഫാൻസി ഐറ്റം, വാനിറ്റി ബാഗുകൾ തുടങ്ങി വ്യത്യസ്ത ഉൽപന്നങ്ങളുമായി രംഗത്തുണ്ട്. ആദായ വിൽപനയുമായി നഗരത്തിൽ മറ്റ് കച്ചവടക്കാരും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.