ഓർമകൾക്ക് പത്താണ്ട്; കെ. രാഘവൻ മാസ്റ്റർക്ക് ജന്മനാട്ടിൽ ഇനിയും സ്മാരകമുയർന്നില്ല
text_fieldsകെ. രാഘവൻ മാസ്റ്റർ
തലശ്ശേരി: മലയാള ചലച്ചിത്ര ശാഖക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ച അനശ്വര സംഗീതജ്ഞന് ജന്മനാട്ടിൽ അർഹിക്കുന്ന സ്മാരകം ഇനിയും യാഥാർഥ്യമായില്ല. സംഗീത കേരളവും പാട്ടുകളെ സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളും ആരാധിക്കുന്ന സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്ററുടെ ഓർമകൾ തലശ്ശേരി ജില്ല കോടതി പരിസരത്തെ ചിൽഡ്രൻസ് സെന്റിനറി പാർക്കിലെ ഒരു മൂലയിൽ സ്ഥാപിച്ച ആരും ശ്രദ്ധിക്കപ്പെടാത്ത പ്രതിമയിലൊതുങ്ങി.
നഗരസഭ മുതൽ സാംസ്കാരിക വകുപ്പ് വരെയുള്ള അധികൃതർ രാഘവൻ മാസ്റ്റർക്ക് സംഗീത ലോകത്ത് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന സാക്ഷ്യമാണ് ഇതോടെ തെളിയുന്നത്. ഉചിതമായ സ്മാരകത്തിന് ഇനിയും എത്രകാലം കാത്തിരിക്കണമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഈണങ്ങളുടെ രാജശിൽപിയുടെ വിയോഗത്തിന് നാളെ പത്ത് ആണ്ട് തികയുകയാണ്.
മാസ്റ്ററുടെ ചിതയെരിഞ്ഞ അറബിക്കടലോരഞ്ഞെ സെന്റിനറി പാർക്കിലുള്ള വെങ്കല പ്രതിമയിൽ പതിവുപോലെ അന്ന് ആരാധക വൃന്ദവും ഔദ്യോഗിക സ്ഥാനികരും ഓർമപ്പൂക്കളർപ്പിക്കാനെത്തും. ചടങ്ങുകൾ കഴിഞ്ഞാൽ പിന്നെ പതിയെ എല്ലാവരും മറക്കും. 2013 ഒക്ടോബർ 19 നായിരുന്നു രാഘവൻ മാസ്റ്റർ വിട പറഞ്ഞത്.
തലായി കടൽ തീരത്തുള്ള സമുദായ ശ്മശാനത്തിൽ മാസ്റ്റർക്ക് ചിതയൊരുക്കാനായിരുന്നു മക്കളുടെയും ബന്ധുക്കളുടെയും താൽപര്യം. എന്നാൽ രാഘവൻ മാസ്റ്റർ നാടിന്റെ പൊതുസ്വത്താണെന്നും അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനം പൊതുജനത്തിന് കൂടി സന്ദർശിക്കാൻ പറ്റുന്ന തരത്തിലാവണമെന്നും ജനപ്രതിനിധികളും നഗരസഭാധികൃതരും നിലപാടെടുത്തു.
ചർച്ചകൾക്കൊടുവിലാണ് ദേശീയപാതയോരത്ത് ജില്ല കോടതിക്കഭിമുഖമായുള്ള കടലോരത്ത് ചിതയൊരുങ്ങിയത്. സർക്കാറിനെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങിൽ പങ്കെടുത്ത അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നൽകിയ ഉറപ്പായിരുന്നു രാഘവൻ മാസ്റ്ററുടെ ഓർമക്കായി തലശ്ശേരിയിൽ സംഗീത പഠനകേന്ദ്രം. കൂടെ രാഘവൻ മാസ്റ്റർക്ക് സ്മാരകം പണിയാനുള്ള നഗരസഭയുടെ തീരുമാനത്തിന് സർക്കാറിന്റെ പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തതാണ്.
അന്നത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മന്ത്രി കെ.പി. മോഹനനും നിരവധി എം.എൽ.എമാരും ജനപ്രതിനിധികളും ആ വാക്കുകൾക്ക് നേർസാക്ഷികളുമായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഒന്നും വെളിച്ചം കണ്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.