പ്രായപൂർത്തിയാകാത്തവർ ബൈക്ക് ഓടിച്ചു; മാതാവിനും പിതാവിനും 30,000 രൂപ വീതം പിഴ
text_fieldsതലശ്ശേരി: പ്രായപൂർത്തിയാവാത്ത മക്കൾ ബൈക്ക് ഓടിച്ച രണ്ടു കേസുകളിൽ മാതാവിനും പിതാവിനും വൻ തുക ശിക്ഷ. പതിനാറുകാരൻ ബൈക്ക് ഓടിച്ച കേസിൽ മാതാവായ ചൊക്ലി കവിയൂർ സ്വദേശിനി റംഷീനക്ക് 30,000 രൂപയാണ് പിഴ ചുമത്തിയത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. കഴിഞ്ഞ ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റംഷീനയുടെ ബൈക്ക് മാഹി ജെ.എൻ.എച്ച്. എസ് സ്കൂൾ വിദ്യാർഥി ഓടിക്കുകയായിരുന്നു. മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാൻ നൽകിയത് എന്ന ശിക്ഷാർഹമായ കുറ്റത്തിനാണ് കോടതി പിഴ വിധിച്ചത്.
ഏപ്രിൽ മൂന്നിന് കവിയൂർ പെരിങ്ങാടി റോഡിൽ അപകടകരമായി വിദ്യാർഥി ഓടിച്ച ബൈക്ക് എസ്.ഐ സവ്യസാചി അവശ്യപ്പെട്ടിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ മനസ്സിലാക്കി അന്വേഷിച്ചതിൽ ആർ.സി ഉടമസ്ഥൻ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വെച്ച് വിദ്യാർഥിക്ക് ഓടിക്കാൻ നൽകിയത് റംഷീനയാണെന്നും കണ്ടെത്തി. സംഭവത്തിൽ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നിർദേശപ്രകാരം എസ്.ഐ സവ്യസാചി കേസെടുത്ത് കോടതിയിൽ കുറ്റപത്രം നൽകുകയായിരുന്നു.
മാഹിയിൽ പ്രായപൂർത്തിയാവാത്ത മകന് ഇരുചക്രവാഹനം ഓടിക്കാൻ നൽകിയതിന് അഴിയൂർ കല്ലേരി വീട്ടിൽ ഫൈസലി (45) ന് 30,200 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ വിധിച്ചു. 14കാരനായ മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.വി. ഷീജയാണ് ശിക്ഷിച്ചത്. കഴിഞ്ഞ ഏപ്രിൽ 18ന് വൈകീട്ട് മാഹി റെയിൽവേ സ്റ്റേഷന് കിഴക്കു ഭാഗത്തെ റോഡിലൂടെ വരുമ്പോൾ ചോമ്പാല എസ്.ഐ വി.കെ. മനീഷാണ് കുട്ടിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.