പൊലീസ് ചമഞ്ഞെത്തി അതിഥി തൊഴിലാളിയുടെ ഫോൺ കവർന്നു
text_fieldsതലശ്ശേരി: പൊലീസ് ചമഞ്ഞെത്തി അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർന്നതായി പരാതി. ബുധനാഴ്ച രാവിലെ ആറിന് തലശ്ശേരി ഒ.വി റോഡിലാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിലെ കവിത ലോഡ്ജിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശി റോബിന്റെ (24) പതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോണാണ് കണ്ണിൽ മുളകുപൊടി സ്പ്രേ അടിച്ച് കവർച്ച നടത്തിയത്.
കെട്ടിട നിർമാണ തൊഴിലാളിയായ റോബിൻ ലോഡ്ജിൽ നിന്നും ജോലിക്കായി രാവിലെ ആറ് മണിയോടെ പുതിയ ബസ് സ്റ്റാൻഡിലേക്ക് പുറപ്പെട്ടതായിരുന്നു. ഒ.വി റോഡിലെത്തിയപ്പോൾ മുഖം പാതി മറച്ചെത്തിയ രണ്ട് യുവാക്കൾ ഐ.ഡി കാർഡ് ആവശ്യപ്പെട്ടു. പോക്കറ്റിൽ നിന്ന് കാർഡ് എടുക്കുന്നതിനിടയിൽ സ്പ്രേ കണ്ണിൽ അടിച്ച് മൊബൈൽ ഫോൺ കവർന്നെന്നാണ് യുവാവിന്റെ പരാതി.
ബഹളം കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസെത്തി തൊട്ടടുത്തുള്ള സി.സി.ടി.വി കാമറകൾ പരിശോധിച്ചു. സമാന രീതിയിൽ ഇതിന് മുമ്പും അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർച്ച നടത്തിയിരുന്നു.
കഴിഞ്ഞ ജനുവരി 17 ന് മുകുന്ദ് ജങ്ഷനടുത്ത് വെച്ച് കൊൽക്കത്ത സ്വദേശി സുൽത്താന്റെ 25,000 രൂപയോളം വിലയുള്ള മൊബൈലാണ് ഒടുവിലായി കവർന്നത്. ഈ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.