തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക ലേബർ റൂം
text_fieldsതലശ്ശേരി: ഗവ. ജനറൽ ആശുപത്രിയിൽ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ റാമ്പ്, ലേബര്‍ റൂം, അനുബന്ധ സൗകര്യങ്ങൾ എന്നിവ നാടിന് സമര്‍പ്പിച്ചു. ഇതോടെ ജനറല്‍ വാര്‍ഡില്‍ നൂ
റോളം കിടക്കകളുടെയും ഏഴ് ഐ.സി.യു ബെഡിന്റെയും വര്‍ധയാണ് ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നത്.
ലയണ്‍സ് ഇന്റർനാഷനൽ നല്കിയ നാല് ഡയാലിസിസ് മെഷീനും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തന സജ്ജമായി. സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ആശുപത്രിയില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന വാട്ടർ ടാങ്ക് ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് സ്പീക്കർ പറഞ്ഞു. ആശുപത്രി ഏറെക്കാലം ഇവിടെ തുടർന്ന് കൊണ്ടുപോകാൻ സാധ്യമല്ല. നാലഞ്ച് വർഷം കൊണ്ട് ഇത് കണ്ടിക്കലിലേക്ക് പൂർണമായി മാറ്റും. ഭൂമിശാസ്ത്രപരമായ പരിമിതിയും സ്ഥലപരിമിതിയുമുണ്ട്. സി.ആർ.സെഡിന്റെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും തടസ്സങ്ങൾ ആശുപത്രിയുടെ വികസനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ഒരു കോടി രൂപ വിനിയോഗിച്ചാണ് റാമ്പ് പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കിയത്. ലയൺസ് ഇന്റർനാഷനലിന്റെ സഹായത്തോടെ നാല് ഡയാലിസിസ് മെഷീനുകൾ വന്നതോടുകൂടി കൂടുതൽപേർക്ക് ഡയാലിസിസ് നടത്താനാവും. നിലവിൽ 12 മെഷീനുകൾ പ്രവർത്തിക്കുന്നുണ്ട്. 150 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ നിലവിലുള്ളത്. പുതിയ വാർഡുകൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ 297 രോഗികളെ കിടത്താം.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. പീയൂഷ് നമ്പൂതിരിപ്പാട്, എൻ.എച്ച്.എം ജില്ല പ്രോജക്റ്റ് മാനേജർ ഡോ. പി.കെ. അനില്‍കുമാര്‍, ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത എന്നിവർ മുഖ്യാതിഥികളായി.
നഗരസഭ വൈസ് ചെയര്മാന് എം.വി. ജയരാജന്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ. സാഹിറ, വാര്‍ഡ് കൗണ്‍സിലര്‍ ഫൈസൽ പുനത്തിൽ, കെ.പി. രാജീവ്, ടി.കെ. രജീഷ്, ജിഷി രാജേഷ്, കെ.പി. മുഹമ്മദ് നസീബ്, ഐ.എം.എ പ്രസിഡന്റ് ഡോ. സി.കെ. രാജീവ് നമ്പ്യാര്‍, ഡോ.ഇ. സജീവന്, എ.പി.എം. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന് സ്വാഗതവും ആര്.എം.ഒ ഡോ.വി. എസ്. ജിതിന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.