രോഗാതുരമാണ് ഈ ആതുരാലയം...
text_fieldsതലശ്ശേരി: മലയോരങ്ങളിൽനിന്നടക്കമുളള പാവപ്പെട്ട രോഗികൾ ഏറെ ആശ്രയിക്കുന്ന തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക ചികിത്സ അപ്രാപ്യം. ചികിത്സാസംവിധാനം മുമ്പത്തേക്കാൾ കുറെയൊക്കെ മെച്ചപ്പെട്ടെങ്കിലും വൃക്ക -- ഹൃദയസംബന്ധമായ രോഗമുള്ള സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. നിർധന രോഗികൾക്ക് സ്പെഷാലിറ്റി ചികിത്സക്ക് കൂടുതൽ പരിഗണന നൽകുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പും മുഖംതിരിക്കുകയാണ്. അത്യാധുനിക ഡയാലിസിസ് യൂനിറ്റുണ്ടെങ്കിലും നെഫ്രോളജി വിഭാഗത്തിൽ ആഴ്ചയിൽ ഒരു ദിവസമേ ഡോക്ടറുള്ളൂ. വൃക്കരോഗത്തിന് ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്.
കാർഡിയോളജി, ന്യൂറോ വിഭാഗത്തിലും ഡോക്ടർമാരില്ല. തലശ്ശേരി താലൂക്കിലെ നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് അഭയമാകേണ്ട ആതുരാലയമാണ് ജനറൽ ആശുപത്രി. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് സന്നദ്ധസംഘടനകൾ ആശുപത്രിയുമായി കൈകോർത്ത് നിരവധി വികസനപ്രവൃത്തികൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, സ്പെഷാലിറ്റി ചികിത്സാസൗകര്യം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജനപ്രതിനിധികളുടെ ഇടപെടൽ വേണ്ടപോലെ ഉണ്ടാവുന്നില്ലെന്നാണ് രോഗികളുടെ പരാതി.
ആശുപത്രിയിൽ അത്യാധുനിക ചികിത്സ ഉപകരണങ്ങൾ പലതുമില്ല. അൾട്രാസൗണ്ട്, സി.ടി സ്കാൻ സൗകര്യമില്ല. യന്ത്രമുണ്ടെങ്കിലും പരിശോധനക്ക് ഡോക്ടർമാരില്ല. രാത്രികാലങ്ങളിൽ എക്സ്റേ വിഭാഗവും പ്രവർത്തിക്കുന്നില്ല. രാത്രിയിൽ അപകടത്തിൽപെടുന്നവർ ചികിത്സക്കായി എത്തിയാൽ വലഞ്ഞതുതന്നെ. കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രിയിലെ അത്യാഹിതവിഭാഗം മറ്റൊരിടത്തേക്ക് മാറ്റിയതും രോഗികൾക്ക് പ്രയാസമുണ്ടാക്കുന്നു. കോവിഡ് തീവ്രത കുറഞ്ഞെങ്കിലും ആശുപത്രിയിലെ നിലവിലുള്ള ക്രമീകരണങ്ങൾ മാറ്റാൻ അധികൃതർ തയാറായിട്ടില്ല.
• റോഡിലും ദുരിതം
നേരാംവണ്ണം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തവർക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്കും ആശുപത്രി കോമ്പൗണ്ടിലെ റോഡുകൾ വിലങ്ങുതടിയാവുകയാണ്. ആശുപത്രിയിലെ ഇടനാഴിയിൽനിന്നിറങ്ങി വിവിധ വിഭാഗങ്ങളിലേക്ക് പോകേണ്ട റോഡുകൾ തകർന്നിട്ട് കാലമേറെയായി. വീൽചെയറിലും ട്രോളിയിലും രോഗികളെ കൊണ്ടുപോകേണ്ട റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഉടനെ നന്നാക്കുമെന്ന് പറയുന്നതല്ലാതെ ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടാകുന്നില്ല. ആശുപത്രി വികസനസമിതി യോഗത്തിൽ എല്ലായ്പോഴും സജീവ ഇടപെടൽ ഉണ്ടാവേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും അനങ്ങാപ്പാറനയം തന്നെയാണ് ഇക്കാര്യത്തിലും.
• ജീവനക്കാർക്ക് ജോലിഭാരം
ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള നിരവധി പേരെ നാഷനൽ ഹെൽത്ത് മിഷൻ ഈയടുത്ത കാലത്തായി പിരിച്ചുവിട്ടിരുന്നു. കോവിഡ് രൂക്ഷമായ ഘട്ടത്തിൽ കൈമെയ് മറന്ന് പ്രവർത്തിച്ചവരടക്കം ഇക്കൂട്ടത്തിലുണ്ട്. നഴ്സുമാരുടെയും നഴ്സിങ് അസിസ്റ്റൻറുമാരുടെയും കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ജോലിഭാരം കൂടിയെന്നാണ് നിലവിലെ ജീവനക്കാരുടെ അനുഭവം. വലിയ പ്രതീക്ഷകളുമായാണ് കോവിഡിെൻറ തീവ്രഘട്ടത്തിൽ എന്തിനും സന്നദ്ധരായി പലരും ഇവിടെ ജോലിക്കെത്തിയത്. പിരിച്ചുവിട്ടവരിൽ പലരും ജോലിയില്ലാതെ ഇപ്പോൾ കഷ്ടപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.