ആർ.എം.എസ് ഓഫിസ് കണ്ണൂരിലേക്ക് മാറ്റാൻ അണിയറ നീക്കം
text_fieldsതലശ്ശേരി: നാരങ്ങാപ്പുറം ചൂര്യയി കണാരൻ റോഡിലെ മേലൂട്ട് മടപ്പുരക്ക് സമീപം തലശ്ശേരി റൂറൽ ബാങ്ക് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവിസ് ഓഫിസ് നിർത്തലാക്കാൻ അണിയറ നീക്കം. തലശ്ശേരി താലൂക്കിലെയും മാനന്തവാടിയടക്കമുള്ള മലയോര മേഖലയിലെയും തപാൽ ഉരുപ്പടികൾ കൃത്യസമയത്ത് ലഭിക്കുന്നതിന് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണിത്.
തലശ്ശേരിയിലെ ഓഫിസ് നിർത്തലാക്കി പ്രവർത്തനം കണ്ണൂർ ആർ.എം.എസിലേക്ക് മാറ്റാനാണ് അധികാരികൾ നീക്കമാരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾ അതാതിടങ്ങളിലെ പോസ്റ്റോഫിസുകളിൽ നിന്നയക്കുന്ന സാധാരണ തപാൽ ഉരുപ്പടികളും ബുക്ക് ചെയ്യുന്ന രജിസ്റ്റേർഡ് പാർസൽ, സ്പീഡ് പോസ്റ്റ് ഉരുപ്പടികളും അതത് സ്ഥലങ്ങളിലെ ജനങ്ങൾക്ക് പെട്ടെന്ന് ലഭിക്കുന്നത് ആർ.എം.എസ് സംവിധാനം വഴിയാണ്.
വിദേശ രാജ്യങ്ങളടക്കം മറ്റു സ്ഥലങ്ങളിൽനിന്ന് വരുന്ന എല്ലാതരം തപാൽ ഉരുപ്പടികളും തലശ്ശേരി ആർ.എം.എസിൽ സമയബന്ധിതമായി രാപ്പകൽ ഭേദമില്ലാതെ കൈകാര്യം ചെയ്യുന്നതിനാലാണ് തപാൽ സേവനങ്ങളും ഉരുപ്പടികളും മേൽവിലാസക്കാരന് കൃത്യസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. 4000 ത്തോളം സ്പീഡ് പോസ്റ്റ് ഉരുപ്പടികളും 3000ലധികം രജിസ്റ്റേഡ് ഉരുപ്പടികളും, 1300ഓളം പാർസൽ ഉരുപ്പടികളും ദിവസവും തലശ്ശേരി ആർ.എം.എസ് പരിധിക്കുള്ളിലെ മേൽവിലാസക്കാർക്കെത്തുന്നുണ്ട്.
സ്പീഡ് പോസ്റ്റ്, പാർസൽ സേവനങ്ങൾ നിലവിൽ കണ്ണൂർ ആർ.എം.എസിൽ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. തലശ്ശേരി, മാനന്തവാടി മേഖലയിൽനിന്ന് അയക്കുന്ന സ്പീഡ് പോസ്റ്റ്, പാർസലുകൾ നിലവിൽ കണ്ണൂർ ആർ.എം.എസിൽ പോയി അവിടെയുള്ള പാർസൽ, സ്പീഡ് പോസ്റ്റ് ഹബുകളിൽനിന്ന് സോർട്ട് ചെയ്തതിന് ശേഷം മാത്രമേ വിലാസക്കാരന് ലഭിക്കുകയുള്ളൂ. അതിനാൽ പാർസൽ ഉരുപ്പടികൾ വൈകിക്കിട്ടുന്ന നിരവധി പരാതികൾ ഇപ്പോൾ നിലവിലുണ്ട്. തലശ്ശേരി ആർ.എം.എസിന്റെ പ്രവർത്തനം കണ്ണൂരിലേക്ക് മാറ്റുകയാണെങ്കിൽ എല്ലാത്തരം രജിസ്റ്റേഡ്, സാധാരണ തപാൽ ഉൾപ്പെടെയുള്ള എല്ലാ ഉരുപ്പടികളും ദിവസങ്ങളോളം വൈകി മാത്രമേ ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ.
ഇങ്ങനെ ലഭിക്കേണ്ട കത്തുകളിൽ ഉദ്യോഗാർഥികളുടെ നിയമന ഉത്തരവുകൾ, സ്വദേശത്തും വിദേശത്തുമുള്ള സർവകലാശാലകളുമായി ബന്ധപ്പെട്ട അഡ്മിഷൻ-പരീക്ഷ അറിയിപ്പുകൾ മുതലായ വളരെ പ്രാധാന്യമർഹിക്കുന്ന കത്തിടപാടുകൾവരെയുണ്ടാകും. ഇത് യുവജനങ്ങളുടെ ഭാവിയെയും വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങളെ ദോഷകരമായി ബാധിക്കും. ആർ.എം.എസ് സേവനം ഇല്ലാതാകുന്നത് യുവജനങ്ങളുടെ തൊഴിൽ സാധ്യതക്കും ഭീഷണിയായി മാറും.
ജൂബിലി റോഡിലെ യത്തീംഖാന കെട്ടിടത്തിലാണ് തലശ്ശേരിയിൽ തുടക്കത്തിൽ ആർ.എം.എസ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് റൂറൽ ബാങ്ക് കോംപ്ലക്സിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു.
ജി.ഡി.എസ് സ്റ്റാഫ് അടക്കം 24 പേരും ആറ് താൽക്കാലിക ജീവനക്കാരുമുൾപ്പെടെ 30 പേർ തലശ്ശേരി ആർ.എം.എസ് ഓഫിസിൽ നിലവിൽ ജോലി ചെയ്യുന്നുണ്ട്. മുമ്പും ഈ ഓഫിസ് അടച്ചുപൂട്ടൽ നീക്കങ്ങൾ ഉണ്ടായിരുന്നു. ജനപ്രതിനിധികളിൽ നിന്നടക്കം ശക്തമായ പ്രതിരോധമുണ്ടായപ്പോഴാണ് തപാലധികാരികൾ പിന്മാറിയത്.
ആർ.എം.എസ് ഓഫിസ് സംരക്ഷണസമിതി രൂപവത്കരിക്കുന്നു
തലശ്ശേരി ആർ.എം.എസ് ഓഫിസ് അടക്കാനുള്ള നീക്കം ചെറുക്കാൻ സംയുക്ത യൂനിയനുകളുടെ നേതൃത്വത്തിൽ സംരക്ഷണ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. വർഷങ്ങളായി പൊതുജനങ്ങൾക്ക് സ്തുത്യർഹമായ തപാൽ സേവനങ്ങൾ നൽകുന്ന ഈ പൊതുമേഖല സ്ഥാപനത്തെ നിലനിർത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. തലശ്ശേരി ആർ.എം.എസ് നിലനിർത്തുന്നതിന് വേണ്ടി പ്രദേശത്തെ പൊതുപ്രവർത്തകർ, സർവിസ് സംഘടന നേതാക്കൾ, യുവജന സംഘടനകൾ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ട് സംരക്ഷണ സമിതി രൂപവത്കരിക്കാനാണ് തീരുമാനം. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലുള്ള ക്ഷീരകർഷക സൊസൈറ്റി ഹാളിൽ ആർ.എം.എസ് ഓഫിസ് സംരക്ഷണ സമിതി രൂപവത്കരണ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.