തലശ്ശേരി സ്റ്റേഡിയം ഉടമസ്ഥാവകാശം നഗരസഭക്ക്
text_fieldsതലശ്ശേരി: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മെമ്മോറിയൽ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം തലശ്ശേരി നഗരസഭക്ക്. തലസ്ഥാനത്ത് സ്പീക്കറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ നഗരസഭക്ക് കൈമാറി കൊണ്ടുള്ള അന്തിമ തീരുമാനമായി. സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയില്‍ റവന്യൂ, കായിക മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി പാട്ടത്തിന് മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതെന്നും ഇതുസംബന്ധിച്ച അപേക്ഷ മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി റവന്യൂ വകുപ്പിന് ലഭ്യമാക്കണമെന്നും റവന്യൂ, സ്പോര്‍ട്സ് വകുപ്പുകളുടെ പ്രതിനിധികളെ സ്റ്റേഡിയം മാനേജ്മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതാണെന്നും റവന്യൂ മന്ത്രി കെ. രാജന് വ്യക്തമാക്കി. കായിക വകുപ്പിന്റെ പരിപാടികള്‍ക്ക് സ്റ്റേഡിയം സൗജന്യനിരക്കില്‍ ലഭ്യമാക്കണമെന്ന കായിക മന്ത്രി പി. അബ്ദുറഹ്മാന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു.
തലശ്ശേരിയിലെ കായികപ്രേമികളുടെ നിരവധി നാളുകളായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമായതെന്നും സ്റ്റേഡിയത്തിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം മുതല്‍കൂട്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണയുയര്‍ത്തുന്ന ജവഹര്‍ഘട്ടിന്റെ പുനരുദ്ധാരണത്തിനും ടൂറിസത്തിന്റെ അനന്തസാധ്യതകൾക്കും ഭൂമി ലഭ്യമാക്കുന്ന വിഷയത്തില്‍ കലക്ടറോട് വിശദാംശങ്ങള്‍ ആവശ്യപ്പെടുമെന്നും ഉപയോഗശൂന്യമായി കിടക്കുന്ന വെയര്‍ഹൗസിന്റെ 80 സെന്റ് സ്ഥലം ഉപയുക്തമാക്കുന്നതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും റവന്യൂ വകുപ്പുമന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്പോര്‍ട്സ് വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, ലാൻഡ് റവന്യൂ കമീഷണർ കൗശികന്, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമീഷണര്‍ അനു എസ്. നായര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാൽ, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അര്ജുന് എസ്. കുമാർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.