നഗരസഭ കൗൺസിൽ; ജലസംഭരണിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണം
text_fieldsതലശ്ശേരി: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മെമ്മോറിയൽ നഗരസഭ സ്റ്റേഡിയം കെട്ടിടത്തിന് മുകളിലെ അഗ്നിരക്ഷസേനയുടെ തുറന്നിട്ട ജലസംഭരണിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം വേണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യം.
മരിച്ച യുവാവിന്റെ കുടുംബത്തിന് നഗരസഭാധികൃതർ ഇടപെട്ട് നഷ്ടപരിഹാരം നല്കാൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗിലെ ഫൈസല്‍ പുനത്തില്‍ പറഞ്ഞു. സ്റ്റേഡിയം കെട്ടിട നിര്‍മാണത്തിലെ അപാകത പരിഹരിക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
നഗരത്തില്‍ സര്‍വിസ് നടത്തിവരുന്ന ഓട്ടോകളുടെ ടി.എം.സി നമ്പറുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ക്ക് അധികാരികള്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും നഗരസഭ പരിധിയിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ബി.ജെ.പി അംഗം കെ. ലിജേഷ് ആവശ്യപ്പെട്ടു.
ജനറല്‍ ആശുപത്രിയില്‍ ഈടാക്കിയിരുന്ന ഒ.പി ടിക്കറ്റിന്റെയും അഡ്മിഷന് ഫീസിന്റെയും തുക വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നും റോഡരികില്‍ പ്രവര്‍ത്തിച്ചുവരുന്ന ബങ്കുകള്‍ മറിച്ചുവില്‍ക്കുന്നത് കണ്ടെത്തി അപേക്ഷ നല്‍കിയവര്‍ക്ക് അനുവദിക്കണമെന്നും ആവശ്യമുയർന്നു.
നഗരസഭ സ്റ്റേഡിയത്തില്‍ വെച്ചുപിടിപ്പിച്ച പുല്ലുകള്‍ ഉണങ്ങിനശിക്കുകയാണ്. പ്രതിദിനം പതിനായിരം രൂപ സ്റ്റേഡിയത്തിന് വാടകയിനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഈടാക്കുന്നുണ്ടെങ്കിലും മെയിന്റനന്‍സ് പ്രവര്‍ത്തികളൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്ന് ടി.പി. ഷാനവാസ് കുറ്റപ്പെടുത്തി. നഗരസഭ നിയന്ത്രണത്തിലുള്ള പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സില്‍ മുറികൾക്ക് ഈടാക്കുന്ന ഡെപ്പോസിറ്റ് തുക കുറച്ചുനല്‍കണം.
നിലവില്‍ വര്‍ധിപ്പിച്ച തുക ഒഴിവാക്കി പഴയ തുക നിലനിർത്തണം. അധിക തുക ഈടാക്കുന്നതുകാരണം കടമുറി നഗരസഭക്ക് തന്നെ തിരിച്ചുനല്‍കുന്ന സ്ഥിതിവിശേഷമാണുളള്ളതെന്നും ഷാനവാസ് പറഞ്ഞു.
കോടികള്‍ ചെലവഴിച്ച് നഗരസഭ നിയന്ത്രണത്തില്‍ കീഴന്തിമുക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ബഡ്സ് സ്കൂളിലെ ടീച്ചേഴ്സിന് ആറു മാസത്തോളമായി ശമ്പളം നല്‍കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും ടി.വി. റാഷിദ പറഞ്ഞു.
വാര്‍ഡുകളിലെ കേടായ തെരുവു വിളക്കുകള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താതെ അലംഭാവം കാട്ടുന്നതായി കെ.പി. അന്‍സാരി പറഞ്ഞു. സി. പ്രശാന്തന്, കെ. ഭാര്ഗവന്, സി. സോമന്, അഡ്വ. കെ.എം. ശ്രീശന്, അഡ്വ.മിലിചന്ദ്ര തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
കെ. സ്മാർട്ട് നടപ്പിലാക്കും
തലശ്ശേരി: നഗരസഭയിൽ ജനുവരി ഒന്നു മുതൽ കെ. സ്മാർട്ട് നടപ്പിലാക്കും. ഇതിനുവേണ്ട സജ്ജീകരണങ്ങൾ പൂർത്തിയായി. മൂന്ന് ഹെൽപ് ഡെസ്ക്കുകൾ ഇതിനായി സ്ഥാപിക്കുമെന്നും ചെയർപേഴ്സൻ കെ.എം. ജമുനാറാണി കൗൺസിൽ യോഗത്തിൽ അറിയിച്ചു.
നഗരത്തില്‍ സര്‍വിസ് നടത്തിവരുന്ന ഓട്ടോകളുടെ ടി.എം.സി നമ്പറുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശനങ്ങള്‍ക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പുതുതായി ടി.എം.സി നമ്പർ നൽകുന്നതിൽ നഗരസഭ പരിധിയിലുള്ള അപേക്ഷകര്‍ക്ക് മുന്‍ ഗണന നല്‍കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.