മുഴപ്പിലങ്ങാട് സൂരജ് വധം; അഡ്വ.പി. പ്രേമരാജനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു
text_fieldsതലശ്ശേരി: 18 വർഷം മുമ്പ് കൊല്ലപ്പെട്ട മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി ക്രിമിനൽ അഭിഭാഷകൻ അഡ്വ. പി. പ്രേമരാജനെ നിയമിച്ചു.
സൂരജ് കേസിൽ പ്രേമരാജനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സൂരജിന്റെ അമ്മ സതി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജിയിൽ എത്രയും വേഗം തീരുമാനമെടുക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. ഇതേത്തുടർന്നാണ് അഡ്വ. പ്രേമരാജനെ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ഇതു സംബന്ധിച്ച ഗെസറ്റ് വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. 2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40 ന് ഓട്ടോയിലെത്തിയ ഒരു സംഘം അക്രമികൾ രാഷ്ട്രീയ വിരോധത്താൽ സൂരജിനെ ബോംബെറിഞ്ഞ് ആക്രമിച്ചു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
സി.പി.എം നേതാക്കളും പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 12 പേരാണ് പ്രതികൾ. മുഴപ്പിലങ്ങാട്ടെ പി.കെ. ഷംസുദ്ദീൻ, പത്തായക്കുന്നിലെ ടി.കെ. രജീഷ്, കൊളശ്ശേരി കോമത്ത് പാറയിലെ എൻ.വി. യോഗേഷ്, എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കെ. ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ്, മുഴപ്പിലങ്ങാട്ടെ എൻ. സജീവൻ, പ്രഭാകരൻ മാസ്റ്റർ, കെ.വി. പത്മനാഭൻ, എം. രാധാകൃഷ്ണൻ, എൻ.കെ. പ്രകാശൻ, പുതിയ പുരയിൽ പ്രദീപൻ, മുണ്ടലൂരിലെ ടി.പി. രവീന്ദ്രൻ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. തലശ്ശേരി ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.