ട്രെയിനിൽ ചായ മറിഞ്ഞ് പൊളളലേറ്റ ഹാദിക്ക് അവഗണന
text_fieldsതലശ്ശേരി: ട്രെയിൻ യാത്രക്കിടയിൽ സഹയാത്രക്കാരന്റെ കൈയിൽ നിന്നും ചായ മറിഞ്ഞ് പൊള്ളലേറ്റ് ചികിത്സയിലുള്ള കുട്ടിക്ക് അവഗണന. തലശ്ശേരി ജനറൽ ആശുപത്രി സർജിക്കൽ വാർഡിൽ വേദനയിൽ കഴിയുന്ന കുട്ടിയെ അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ല. സംഭവത്തിൽ ബാലാവകാശ കമീഷൻ കേസെടുത്തതല്ലാതെ വേണ്ട രീതിയിലുള്ള ഒരു പരിചരണവും ലഭിക്കുന്നില്ലെന്നാണ് വിവരം. സന്നദ്ധ സംഘടനകളും സഹായത്തിനെത്തിയില്ല. മാതാവാണ് ചികിത്സക്ക് കൂട്ടായുളളത്.
തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റിന് സമീപം സഹാറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുഞ്ഞിപ്പുരയിൽ എൻ. നൗഫലിന്റെയും കെ. സുമയ്യയുടെയും മകൻ ഏഴു വയസ്സുകാരൻ കെ. ഹാദിക്കാണ് ട്രെയിനിൽ നിന്ന് ചായ മറിഞ്ഞ് പൊള്ളലേറ്റത്. ചാലിൽ സെന്റ് പീറ്റേഴ്സ് യു.പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ജനുവരി മൂന്നിന് നടന്ന സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജർക്കും റെയിൽവേ പൊലീസിനും കണ്ണൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും അടിയന്തര റിപ്പോർട്ട് നൽകാൻ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സംഭവം പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. റെയിൽവേ പൊലീസ് ആശുപത്രിയിൽ വന്ന് കാര്യങ്ങൾ അന്വേഷിച്ചെന്ന് കുട്ടിയുടെ മാതാവ് സുമയ്യ പറഞ്ഞു.
മലബാർ എക്സ്പ്രസിലാണ് കേസിനാധാരമായ സംഭവമുണ്ടായത്. കുട്ടിക്ക് ഇരുകാലുകളുടെയും തുടയിലും കൈക്കും കാര്യമായി പൊള്ളലേറ്റിരുന്നു. എന്നാൽ, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. രണ്ടര മണിക്കൂർ വേദന അനുഭവിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായത്. ഹാദിയെ മംഗളൂരു ദർ ലക്കട്ടയിലെ ആശുപത്രിയിൽ ദന്ത ഡോക്ടറെ കാണിക്കാനാണ് ട്രെയിനിൽ യാത്ര ചെയ്തത്.
ജനറൽ ടിക്കറ്റായിരുന്നു എടുത്തത്. സ്റ്റേഷനിൽ എത്തുമ്പോഴേക്കും ട്രെയിൽ പുറപ്പെടാറായതിനാൽ റിസർവേഷൻ കോച്ചിലാണ് കയറിയത്. ട്രെയിൻ കണ്ണപുരത്ത് എത്തുമ്പോഴാണ് സഹയാത്രക്കാരൻ വാങ്ങിയ ചായ കൈയിൽ നിന്നും തെറിച്ച് ഹാദിക്ക് ദേഹത്ത് പൊളളലേറ്റത്. റെയിൽവേ അധികൃതരോ കൂടെയുള്ള യാത്രക്കാരോ തക്ക സമയത്ത് സഹായത്തിനെത്തിയില്ലെന്നാണ് മാതാവിന്റെ പരാതി.
ചായ മറിച്ച യാത്രക്കാരനും ഈ സമയം അപ്രത്യക്ഷനായി. വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ ഉള്ളാളിൽ എത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. തലശ്ശേരി ജനറൽ ആശുപത്രി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക് അർഹമായ സാമ്പത്തിക സഹായം ലഭ്യമായില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.