ന്യൂ മാഹി, ചൊക്ലി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണപദ്ധതിക്ക് തുടക്കം
text_fieldsതലശ്ശേരി: ന്യൂ മാഹി, ചൊക്ലി പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ന്യൂ മാഹി ടൗണിലും ചൊക്ലി വി.പി ഓറിയന്റല്‍ സ്കൂളിലുമാണ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജല ടാപ് കണക്ഷന് നല്കുന്ന പദ്ധതിയാണിത്. ജൽജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ന്യൂ മാഹി, ചൊക്ലി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്ത്പറമ്പ്, മാങ്ങാട്ടിടം എന്നീ അഞ്ച് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെളളപദ്ധതിയുടെ ഭാഗമായി 30,140 കണക്ഷനുകള്‍ നല്‍കുന്നതിന് 486.42 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഇതില്‍ 38.53 കോടി രൂപ ചെലവഴിച്ചാണ് ന്യൂ മാഹി പഞ്ചായത്തില്‍ 2534 കണക്ഷന് നല്‍കുന്നത്. പഴശ്ശി റിസര്‍വോയറാണ് പദ്ധതിയുടെ ജലസ്രോതസ്സ്. ന്യൂ മാഹി പഞ്ചായത്തില്‍ ശുദ്ധജലവിതരണത്തിനായി 5.25 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ഉപരിതല സംഭരണി സ്ഥാപിക്കും.
പട്ടത്തിക്കുന്നില് ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുളള പഴയ ജലസംഭരണി പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കും. 300 മി.മീറ്റര്‍ മുതല്‍ 200 മി.മീറ്റര്‍ വരെ വ്യാസമുളള ഡി.ഐ പൈപ്പുകളും 160 മി.മീറ്റര്‍ മുതല്‍ 90 മി.മീറ്റര്‍ വരെ വ്യാസമുളള പി.വി.സി പൈപ്പുകളും ഉള്‍പ്പെടെ 83 കി.മീറ്റര്‍ നീളത്തില്‍ വിതരണ ശൃംഖല സ്ഥാപിക്കും. ഇതിലൂടെ എല്ലാ വീടുകള്‍ക്കും ശുദ്ധജല ടാപ് കണക്ഷന് നല്‍കും. ഹൈദരാബാദ് സ്ട്രെഫ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. 2024 ജൂണില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചൊക്ലി പഞ്ചായത്തില്‍ 6211 കണക്ഷന് നല്‍കുന്നതിന് 102.73 കോടി രൂപയാണ് അനുവദിച്ചത്. ചൊക്ലി പഞ്ചായത്തില്‍ 13.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ഉപരിതല സംഭരണി തലശ്ശേരി ഗവ. കോളജ് വളപ്പില്‍ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി 450 മി.മീറ്റര്‍ മുതല്‍ 200 മി.മീറ്റര്‍ വരെ വ്യാസമുളള ഡി.ഐ പൈപ്പുകളും 160 മി.മീറ്റര്‍ മുതല്‍ 90 മി.മീറ്റര്‍ വരെ വ്യാസമുളള പി.വി.സി പൈപ്പുകളും ഉള്‍പ്പെടെ 195 കി.മീറ്റര്‍ നീളത്തില്‍ വിതരണ ശൃംഖല സ്ഥാപിക്കും. 2024 ജൂലൈയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
ന്യൂമാഹിയിൽ നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന് എം.പി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു സ്വാഗതം പറഞ്ഞു. ചൊക്ലിയിലെ ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ, ജില്ല പഞ്ചായത്ത് അംഗം ഇ. വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.