പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
text_fieldsതലശ്ശേരി: ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശ്രീനന്ദനത്തിൽ അനിഷയുടെ (26) ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചയാണ് സംഭവം. ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അനിഷയുടെ ഭർത്താവ് ശരത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് തലശ്ശേരി പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ ശരീരം പരിയാരം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.
ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീജയുടെ പരിചരണത്തിലായിരുന്നു യുവതി. പ്രസവമടുത്തതോടെ ചൊവ്വാഴ്ച വൈകീട്ട് ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രാത്രിയോടെ യുവതിക്ക് ഗർഭപാത്രത്തിൽ നിന്നും സ്രവമുണ്ടായി. ഡ്യൂട്ടി ഡോക്ടർ പൂർണിമയുടെ നിർദേശ പ്രകാരം രാത്രി 10.30ഓടെ ഓപറേഷൻ തിയറ്ററിലേക്ക് മാറ്റി. വിവരം നൽകിയിട്ടും ഡോ. പ്രീജ വരാൻ ഏറെ വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചു. പുലർച്ച രണ്ടരയോടെ ഡോക്ടർ എത്തി. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. ഒരു വർഷം മുമ്പാണ് ഫർണിച്ചർ ജോലിക്കാരനായ ശരത്തും അനിഷയും വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.