തലശ്ശേരി ജനറൽ ആശുപത്രിയിൽ നവീകരിച്ച ശിശുരോഗ വാർഡ് തുറന്നു
text_fieldsതലശ്ശേരി: ജനറൽ ആശുപത്രിയിൽ നവീകരിച്ച പീഡിയാട്രിക് വാർഡിന്റെയും പീഡിയാട്രിക് ഐ.സി.യുവിന്റെയും ഉദ്ഘാടനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. ആരോഗ്യമേഖലയിൽ തലശ്ശേരി നവീകരണത്തിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം നവംബറോടെ ആരംഭിക്കും. തലശ്ശേരി ജനറൽ ആശുപത്രിയിൽ പീഡിയാട്രിക് വാർഡും ഐ.സി.യുവും നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഷംസീർ പറഞ്ഞു.
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഇ.സി.ആർ.പി ഫണ്ടിൽനിന്ന് സിവിൽ വർക്കിനായി 15.7 ലക്ഷവും ബയോ മെഡിക്കൽ ഉപകരണങ്ങൾക്കായി 84.25 ലക്ഷം രൂപയും ചെലവഴിച്ചാണ് പീഡിയാട്രിക് ഐ.സി.യുവിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഐ.സി.യുവിൽ ഇ.സി.ജി മെഷീൻ, പോർട്ടബിൾ എക്സ്റേ, ഐ.സി.യു ബെഡ്, ഐ.സി.യു വെന്റിലേറ്റർ, മൾട്ടിപാര മോണിറ്റർ, ഗ്ലൂക്കോമീറ്റർ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ 3.36 ലക്ഷം രൂപ ചെലവിലാണ് പീഡിയാട്രിക് വാർഡിന്റെ നവീകരണം പൂർത്തിയാക്കിയത്. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു.
ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. കെ. പ്രീത, ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി. രാംപ്രകാശ്, ട്രഷറർ പി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് എൻ. വിനോദ് കുമാർ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ടി.കെ. സാഹിറ, വാർഡംഗം ഫൈസൽ പുനത്തിൽ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് കെ. സന്തോഷ്, പി.കെ. അനിൽകുമാർ, വി.എസ്. ജിതിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.