പേവിഷ പ്രതിരോധ മരുന്നില്ല; ചികിത്സക്കെത്തുന്നവർ വലയുന്നു
text_fieldsതലശ്ശേരി: ജനറൽ ആശുപത്രിയിൽ പേവിഷബാധക്കെതിരെയുള്ള ആന്റി റാബീസ് സിറം സ്റ്റോക്കില്ലാത്തതിനാൽ ചികിത്സക്കെത്തുന്നവർ വലയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി സിറം ആശുപത്രിയിൽ സ്റ്റോക്കില്ല. ഈ മാസം അവസാനം മരുന്ന് എത്തുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. സിറം പരിമിതമായ സ്റ്റോക്ക് മാത്രമേ ആശുപത്രിക്ക് സ്റ്റോക്ക് അനുവദിക്കുന്നുള്ളൂ.
മലയോരങ്ങളിൽ നിന്നടക്കമുള്ള ആളുകൾ ചികിത്സ തേടിയെത്തുന്ന താലൂക്കിലെ പ്രധാന ആതുരാലയമാണിത്. സിറം പുതിയ സ്റ്റോക്കിനായി ആശുപത്രി അധികൃതർ അപേക്ഷ നൽകി കാത്തിരിപ്പാണിപ്പോൾ. നായ, പൂച്ച, കീരി തുടങ്ങിയവയുടെ കടിയേറ്റാൽ കുത്തിവെപ്പ് നിർബന്ധമാണ്. ആക്രമണത്തിനിരയായവരുടെ മുറിവിൽ കുത്തിവെക്കുന്നതാണ് എ.ആർ.എസ്. വേഗത്തിൽ പ്രതിരോധശേഷി ഈ കുത്തിവെപ്പിലൂടെ കിട്ടും.
നാലു തവണകളായി നൽകുന്ന ഐ.ഡി.ആർ.വി (ഇൻട്രാ ഡെർമിനൽ റാബി വാക്സിനാണ് മറ്റൊന്ന്. ഇതിന് പ്രതിരോധശേഷി ഉണ്ടാവാൻ ഏതാണ്ട് 10 ദിവസം വേണ്ടിവരും. റിസ്ക് ഒഴിവാക്കാൻ ഡോക്ടർമാർ എ.ആർ.എസാണ് നിർദേശിക്കാറുള്ളത്.
നായകളേക്കാൾ പൂച്ചകളുടെ ആക്രമണമേൽക്കുന്നവരാണ് അടുത്തകാലത്തായി കൂടുതൽ ചികിത്സ തേടിയെത്തുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
എ.ആർ.എസ് സ്റ്റോക്കില്ലാത്തതിനാൽ നായകളുടെയും പൂച്ചകളുടെയും കടിയേറ്റ് ചികിത്സക്കെത്തുന്നവരെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് പറഞ്ഞയക്കുന്നത്. ചിലർ പരിയാരം മെഡിക്കൽ കോളജിലേക്കും പോവുന്നുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ എ.ആർ.സി ഇൻജക്ഷൻ ഉണ്ട്. എന്നാൽ, അമിത വില നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.