ഓവുചാലിന് സ്ലാബിടാനും മരം മുറിക്കാനും ഫണ്ടില്ല!
text_fieldsതലശ്ശേരി: നഗരത്തിൽ വാ പിളർന്നുനിൽക്കുന്ന ഓവുചാലുകൾ ജനത്തിന് ഭീഷണിയായി മാറുകയാണെന്നും അധികൃതർ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. പെരിങ്കളത്ത് ഇല്ലത്ത്താഴെ റോഡിൽ പെട്രോൾ പമ്പിന് സമീപം ജൂൺ 24ന് കാൽനടയാത്രക്കിടെ കോടിയേരി മുളിയിൽ നടയിലെ മമ്പള്ളി വയലമ്പ്രോൻ രഞ്ജിത്ത് കുമാർ (59) ഓടയിൽ വീണു മരിക്കാനിടയായത് സ്ലാബില്ലാത്തതിനാലാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. സജിത്ത് പറഞ്ഞു. അപകടാവസ്ഥ നേരത്തേ ശ്രദ്ധയിൽപെടുത്തിയതായും എന്നാൽ ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സജിത്ത് കുറ്റപ്പെടുത്തി. ഇവിടെ ഒരു മാസത്തിനകം സ്ലാബ് സ്ഥാപിക്കുന്ന ജോലി ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി എൻജിനീയർ മറുപടി നൽകി.
ഓടകൾക്ക് സ്ലാബിടാനും മരം മുറിച്ചുമാറ്റാനും എന്ത് നടപടികൾ സ്വീകരിച്ചുവെന്ന തഹസിൽദാറുടെ ചോദ്യത്തിന് ആവശ്യത്തിന് ഫണ്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. മരാമത്ത് വകുപ്പ് അടക്കമുള്ളവയിലെ ഉദ്യോഗസ്ഥരാണ് അടിയന്തരമായി ചെയ്തുതീർക്കേണ്ട പ്രവൃത്തികൾക്ക് ആവശ്യത്തിന് ഫണ്ടില്ലെന്ന് പറഞ്ഞത്. മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട പ്രവൃത്തികൾ നടത്താൻ പണമില്ലെന്ന ഉദ്യോഗസ്ഥരുടെ മറുപടി പ്രവൃത്തികൾക്ക് ഇനിയും കാലതാമസം നേരിടുമെന്നതിന് ദൃഷ്ടാന്തമായി. എന്നാൽ, ഫണ്ടില്ലെന്ന് പറഞ്ഞ് ഒഴിയാനാവില്ലെന്നും കലക്ടർ നിർദേശിച്ച പ്രവൃത്തികൾ സമയബന്ധിതമായി തീർക്കണമെന്നും യോഗം നിർദേശിച്ചു.
വെള്ളക്കെട്ടും അപകടകരമായ മരം മുറിച്ചുമാറ്റാത്തതും ഓവുചാലിന് സ്ലാബിടാത്തതും പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ. രവി, എം.പി. ശ്രീഷ, സെയ്ത്തു, വൽസൻ എന്നിവർ ചൂണ്ടിക്കാട്ടി. മാനന്തേരി 12ാം മൈലിലും 14ാം മൈലിലും അപകടകരമായ രീതിയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.സി. സഹിൽരാജ് ആവശ്യപ്പെട്ടു. തീരദേശ പാതയിൽനിന്ന് തലശ്ശേരി പട്ടണത്തെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗിലെ എൻ. മഹമൂദ് ആവശ്യപ്പെട്ടു.
ഇവിടെയുള്ള കടകളും ആശുപത്രിയും ബസ് സ്റ്റാൻഡും എല്ലാം മാറ്റുമ്പോൾ ഈ ചരിത്ര നഗരംതന്നെ ഇല്ലാതാകുമെന്ന് മഹമൂദ് ചൂണ്ടിക്കാട്ടി. എന്നാൽ, ചുരുക്കം ചില വ്യാപാരികളാണ് തീരദേശ പാതക്ക് എതിരുനിൽക്കുന്നതെന്ന് വർക്കി വട്ടപ്പാറ പറഞ്ഞു. പാലയാട് വെള്ളൊഴുക്കിൽ ഓവുചാലിന് സ്ലാബിടാൻ എസ്റ്റിമേറ്റ് തയാറാക്കിയതായി പി.ഡബ്ല്യു.ഡി എൻജിനീയർ അറിയിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ സി.പി. മണി, സബ് കലക്ടർ ഓഫിസ് സീനിയർ സൂപ്രണ്ട് ലതാദേവി, ഡെപ്യൂട്ടി തഹസിൽദാർ വി. ബിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.