തലശ്ശേരി റെയിൽവേ സ്റ്റേഷൻ: റെയിൽവേ ഭൂമിയിൽ പാർക്കിങ് വിലക്ക്
text_fieldsതലശ്ശേരി: റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾക്ക് റെയിൽവേ ഭൂമിയിൽ പാർക്കിങ് വിലക്ക്. ഒന്നാം പ്ലാറ്റ്ഫോറത്തിന് പുറത്ത് വടക്കുഭാഗം റോഡരികിലാണ് പാർക്കിങ്ങിന് നിയന്തണമേർപ്പെടുത്തിയത്. ഇത് അനീതിയാണെന്ന് സ്ഥിരയാത്രക്കാർ പറയുന്നു.
ഇവിടെ റെയിൽവേ ഭൂമിയിലുള്ള പോക്കറ്റ് റോഡിെൻറ ഇരുവശങ്ങളിലും ജനത്തിെൻറ നികുതിപ്പണം ഉപയോഗിച്ച് മനോഹരമായി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇരുചക്രവാഹനം മുതൽ കാറുകൾ വരെ നിർത്തിയിടാൻ ആവശ്യത്തിന് സൗകര്യവുമുണ്ട്. എന്നാൽ, യാത്രക്കാരുടെ വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. കടക്കേണ്ട വഴിയിൽ വലിയ വീപ്പകൾ സ്ഥാപിച്ച് കമ്പികൾ ചേർത്ത് കെട്ടി തടസ്സപ്പെടുത്തിയ നിലയിലാണുള്ളത്. നോ എൻട്രി ബോർഡും സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ അധികാരികൾ അറിയാതെയാണ് ഈ നടപടിയെന്ന് വിവരമുണ്ട്.
ആർ.പി.എഫ് ആണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. പൊതുപ്രവർത്തകനായ പീറ്റക്കണ്ടി രവീന്ദ്രൻ വിഷയം റെയിൽവേ മേലധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ലെന്ന് പാലക്കാട് ഡിവിഷൻ ഓഫിസിൽനിന്ന് അറിഞ്ഞതായി രവീന്ദ്രൻ പറഞ്ഞു. എന്നാൽ, റെയിൽവേ സ്ഥലത്ത് യാത്രക്കാരല്ലാത്തവരുടെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായതോടെയാണ് അനധികൃതക്കാരെ നിയന്ത്രിക്കാൻ താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതെന്നാണ് ആർ.പി.എഫ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.