ലോട്ടറിയല്ല, ‘രമണിയാണ് ഭാഗ്യദേവത’
text_fieldsതലശ്ശേരി: റെയിൽവേ സ്റ്റേഷനിൽനിന്നും വീണുകിട്ടിയ മൂന്നര പവൻ സ്വർണമാല അവകാശിയെ തിരിച്ചേൽപിച്ച് ലോട്ടറി തൊഴിലാളി. തലശ്ശേരി കാവുംഭാഗം നിട്ടൂർ തെരുവിൽ താമസിക്കുന്ന തയ്യുള്ളതിൽ മീത്തൽ രമണിയാണ് ജീവിത പ്രാരബ്ധങ്ങൾക്കിടയിലും സത്യസന്ധത കാണിച്ച് റെയിൽവേ അധികൃതരുടെ പ്രശംസ നേടിയത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നാണ് രമണിക്ക് സ്വർണം ലഭിക്കുന്നത്.
ഉടനെ സ്റ്റേഷനിലെ ആർ.പി.എഫ് ഓഫിസിലെത്തി സബ് ഇൻസ്പെക്ടർ മനോജിനെ ഏൽപിക്കുകയായിരുന്നു. സ്വർണം കിട്ടിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെയും റെയിൽവേ പാസഞ്ചേഴ്സ് അടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിലും ആർ.പി.എഫ് അറിയിപ്പായി നൽകി. സ്വർണത്തിന്റെ യഥാർഥ ഉടമ ഇത് കാണാനിടയായി.
ധർമടം പഞ്ചായത്തിലെ മേലൂർ സ്വദേശിനി പ്രീതയുടേതായിരുന്നു സ്വർണം. ഉടനെ മെസേജിൽ കണ്ട നമ്പറിൽ അവർ ബന്ധപ്പെടുകയായിരുന്നു. മംഗലാപുരത്ത് ആശുപത്രിയിൽ പോയി തിരിച്ചുവരുന്ന വഴിയാണ് തലശ്ശേരിയിൽ വെച്ച് സ്വർണം നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തി ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രീത സ്വർണം കൈപ്പറ്റി.
ഭാഗ്യത്തെക്കാളേറെ സത്യസന്ധത കൈനിറയെ സൂക്ഷിക്കുന്ന മനസ്സിനുടമയാണ് രമണിയെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു.
തലശ്ശേരി കാവുംഭാഗം നിട്ടൂർ തെരുവിൽ നിർമാണത്തിലിരിക്കുന്ന ഒറ്റമുറി വീട്ടിന്റെ പണി പൂർത്തീകരിക്കാനും ഉപജീവനത്തിനും മകളുടെ പഠന ചിലവിനും വേണ്ടിയാണ് രമണി ലോട്ടറി വിൽപനക്കിറങ്ങിയത്.
ചെറുവത്തൂർ ഉദിനൂരിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഭർത്താവും ലോട്ടറി തൊഴിലാളിയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഉദിനൂർ റെയിൽവേ ഗേറ്റിനടുത്ത് സ്കൂട്ടർ അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ ഭർത്താവ് മാസങ്ങളോളം ചികിത്സയിലായിരുന്നെന്ന് രമണി പറഞ്ഞു. തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ ഫിലോസഫി ആൻഡ് സൈക്കോളജി ഒന്നാം വർഷ വിദ്യാർഥി കരിഷ്മ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.