നവീകരണ പാതയിൽ തലശ്ശേരി ഓടത്തിൽ ജുമുഅത്ത് പള്ളി
text_fieldsതലശ്ശേരി: നഗരഹൃദയത്തിലെ പുരാതനമായ ഓടത്തിൽ ജുമുഅത്ത് പള്ളി നവീകരണ പാതയിൽ. മുന്നൂറു വർഷത്തോളം പഴക്കമുള്ളതാണ് തലശ്ശേരിയിലെ കേയി കുടുംബാധീനതയിലുള്ള ഈ ആരാധനാലയം. പഴമയുടെ പ്രൗഢിക്ക് കോട്ടം തട്ടാതെയാണ് പള്ളി നവീകരിക്കുന്നത്. വാസ്തു ശിൽപകലയിലുള്ള പള്ളിയുടെ ചെമ്പ് തകിട് പാകിയ വിശാലമായ മേൽപ്പുരയും താഴികകുടങ്ങളുമാണ് പ്രധാനമായും നവീകരിക്കുന്നത്. മഴയത്ത് കെട്ടിടത്തിൽ ചോർച്ച അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് പള്ളിനവീകരണത്തിനുള്ള ആലോചന ഉയർന്നത്.
ഓർക്കാട്ടേരി, കേളോത്ത്, വലിയപുര, പുതിയപുര എന്നീ നാല് കേയി കുടുംബ താവഴികളിലെ പള്ളി പരിപാലന കമ്മിറ്റിയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പള്ളിയുടെ മുകൾ നിലയിലെ താഴികക്കുടങ്ങൾ സ്വർണം പൂശി പഴയതുപോലെ പുനഃസ്ഥാപിക്കും. ഇതിന്റെ പ്രവൃത്തികൾ ആരംഭിച്ചു. നവീകരണത്തിന്റെ ഭാഗമായി പള്ളിക്കകത്ത് പുതിയ കാർപറ്റുകൾ വിരിച്ചു. നമസ്കാര ഹാളിലും ഖബർസ്ഥാനിലും വിശാലമായ വെളിച്ച സംവിധാനമൊരുക്കി. പെയിന്റടിച്ച് പള്ളിയുടെ അകവും പുറവും മോടികൂട്ടി. വുളു ചെയ്യുന്ന ഭാഗവും വിശാലമാക്കി. നോമ്പ് കഴിയുന്നതോടെ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി ഭാരവാഹികൾ. വിദേശത്തും നാട്ടിലുമുള്ള കേയി കുടുംബാംഗങ്ങളിൽനിന്നുള്ള പണം സ്വരൂപിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പരിപാലന കമ്മിറ്റി സെക്രട്ടറി സി.കെ.പി. മമ്മു, ട്രഷറർ സി.കെ.പി. അബ്ദുറഹിമാൻ കേയി എന്നിവർ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സദാസമയവും രംഗത്തുണ്ട്.
• മൂസക്കേയിയുടെ സംഭാവന
കേയി വംശത്തിലെ പ്രശസ്തനായ മൂസക്കേയിയാണ് വാസ്തുശിൽപ ഭംഗിയോടെ തലശ്ശേരിയിൽ ഓടത്തിൽ ജുമുഅത്ത് പള്ളി നിർമിച്ചത്. ഡച്ചുകാരുടെ അധീനതയിലുള്ള കരിമ്പിൻ തോട്ടം (ഓടം) വിലക്ക് വാങ്ങിയാണ് അഞ്ചേക്കറിലേറെയുള്ള സ്ഥലത്ത് മധ്യത്തിലായി പള്ളി നിർമിച്ചത്. തിരുവിതാംകൂർ രാജാവ് നൽകിയ ലക്ഷങ്ങൾ വിലയുള്ള തേക്കിൻ തടികളാണ് പള്ളി നിർമാണത്തിനായി ഉപയോഗിച്ചത്. ചെമ്പ് തകിട് പാകിയ വിശാലമായ മേൽപ്പുരയും താഴികകുടങ്ങളും പള്ളിയുടെ പ്രത്യേകതയാണ്. തലശ്ശേരി ടൗണിലെ മൂന്ന് റോഡുകളിൽനിന്നായി പള്ളിയിലേക്കുള്ള പ്രവേശന കവാടവുമുണ്ട്. പഴയ പ്രൗഢിയോടെ നിലനിൽക്കുന്ന ആരാധനലയങ്ങളിൽ പ്രധാനപ്പെട്ടതാണ് തലശ്ശേരി ഓടത്തിൽ ജുമുഅത്ത് പള്ളി. തലശ്ശേരി ടൗണിലെ ഭൂരിഭാഗം വ്യാപാരികളും മറ്റുള്ളവരും ആരാധനക്കെത്തുന്നത് ഇവിടെയാണ്.
• കുളത്തിനും പുനർജനി
നാലു പതിറ്റാണ്ട് കാടുമൂടി കിടന്ന ഓടത്തിൽ പള്ളിയിലെ കുളവും നവീകരിക്കുകയാണ്. ഏറെ പഴക്കമുള്ള ഈ കുളം കാടു കയറി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കുളത്തിലെ ചളി നീക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ചുറ്റുമുള്ള പടവുകൾ മാറ്റികെട്ടി വാർണിഷ് ചെയ്യും. പരിസരത്ത് ചെടികൾ വെച്ചുപിടിപ്പിക്കും. എൻ.സി.സി റോഡിൽനിന്നും പള്ളിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുളം സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.