ഉത്രാടപ്പാച്ചിലിൽ അമർന്ന് നാടും നഗരവും
text_fieldsതലശ്ശേരി: ഓണത്തിരക്കിൽ തിങ്കളാഴ്ച നഗരം വീർപ്പുമുട്ടി. തിരുവോണത്തിനുളള വസ്ത്രങ്ങളും സദ്യക്കുള്ള വിഭവങ്ങളും വാങ്ങാനെത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുളളവർക്ക് നഗരത്തിൽ നിന്നുതിരിയാനിടമില്ലായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് സുരക്ഷയൊരുക്കിയത് ആശ്വാസമായി. തലശ്ശേരിയിൽ പഴയ ബസ് സ്റ്റാൻഡിലാണ് ഓണത്തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്.
ജനറൽ ആശുപത്രി റോഡിൽ കെ.ആർ കവലയിലും ജൂബിലി ഷോപ്പിങ് കോംപ്ലക്സിന് മുന്നിലും വഴിവാണിഭ കച്ചവടക്കാരിലാണ് ആളുകൾ അവസാനവട്ടം ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ തുണിത്തരങ്ങളും പൂക്കളും വാങ്ങാൻ രാവിലെ മുതൽ തിരക്കോട് തിരക്കായിരുന്നു. ജമന്തി, ചെട്ടിപ്പൂ, ഡാലിയ, അരളി, റോസ്, ചെണ്ടുമല്ലി, സൂര്യകാന്തി, തുടങ്ങി നാനാതരം പൂക്കളുമായി നാട്ടുകാരും കർണാടകയിൽ നിന്നുള്ള സംഘവും വഴി നീളെ അണിനിരന്നിരുന്നു.
കുഞ്ഞുടുപ്പ് മുതൽ ചുരിദാർ, മാക്സി, ബെഡ്ഷീറ്റ്, സോഫ കവർ, മേശവിരി, ഷർട്ട്, മുണ്ട്, പാൻറ്സ് എന്നിവക്കെല്ലാം വിലക്കുറവുളളതിനാൽ വഴിവാണിഭക്കാരാണ് സാധാരണക്കാർക്ക് ആശ്രയമായത്. കത്തുന്ന വേനലിലും തിങ്കളാഴ്ച നഗരത്തിൽ തിരക്കോട് തിരക്കായിരുന്നു. നഗരത്തിലെ തുണിക്കടകളിലും ചെരിപ്പുകടകളിലും സൂപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലും കൂൾബാറുകളിലും രാത്രി വൈകും വരെ നല്ല തിരക്കുണ്ടായി.
മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ധർമടം സ്നേഹക്കൂടിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ചു. ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. മേജർ പി. ഗോവിന്ദൻ, കെ.എസ്. ശ്രീനിവാസൻ, ജയകൃഷ്ണൻ, വിശ്വനാഥൻ, പി. ശ്രീജ, കെ.കെ. സന്തോഷ് കുമാർ, കെ.കെ. സുധാമണി എന്നിവർ സംസാരിച്ചു. അണ്ടർ ഓഫിസർ ഐശ്വര്യയുടെ നേതൃത്വത്തിൽ അമ്പത് എൻ.സി.സി കാഡറ്റുകളും 10 എസ്.പി.സി കാഡറ്റുകളുമാണ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത്. സ്നേഹക്കൂടിലെ അമ്മമാർക്ക് ഓണക്കോടി സമ്മാനിച്ചു. ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് പുതുതായി ആരംഭിച്ച പെയ്ൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റ് നിലാവ് ധർമടം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമുള്ള പാവപ്പെട്ട കിടപ്പുരോഗികളുടെ വീടുകളിലെത്തി ഓണക്കിറ്റ് സമ്മാനിച്ചു.
എരഞ്ഞോളി മഹിള മന്ദിരത്തിൽ നടന്ന ഓണാഘോഷത്തിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ് അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ. വിനയരാജ്, കെ.പി. സുരാജ്, വാഴയിൽ വാസു, കാന്തലോട്ട് വത്സൻ, വാഴയിൽ ലക്ഷ്മി, പ്രമീള എന്നിവർ സംസാരിച്ചു.അന്തേവാസികൾക്കായി തലശ്ശേരി കോഓപറേറ്റിവ് വനിത കോളജ് ഓണാഘോഷം നടത്തി. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഓണക്കോടി വിതരണം നടത്തി. തലശ്ശേരി ലിബർട്ടി തിയറ്റർ സിനിമ പ്രദർശിപ്പിക്കുകയും ലോലീനോ ഏജൻസിസ് മധുര വിതരണവും നടത്തി. കലാപരിപാടികളും സമ്മാനദാനവും നടന്നു.
മഠത്തുംഭാഗം കൂട്ടായ്മ എരഞ്ഞോളിപാലം ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഓണക്കോടികൾ നൽകി. കൂട്ടായ്മ ട്രഷറർ വി. വിശ്വനാഥനിൽ നിന്നും ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് സൂപ്രണ്ട് എ.കെ. മുനീറ ഏറ്റുവാങ്ങി. നഗരസഭാംഗം പി. പ്രമീള അധ്യക്ഷത വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് ടി.വി. ഹരികൃഷ്ണാനന്ദൻ, സെക്രട്ടറി സി.കെ. മദനൻ, സി. അരുൺ നാരായണൻ, കെയർടേക്കർമാരായ ജിൻസി, രഞ്ജിത്ത്, സ്മിത, മുബീറ, നീതു എന്നിവർ സംസാരിച്ചു. സൂപ്രണ്ട് എ.കെ. മുനീറ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ ചെണ്ടുമല്ലി കൃഷിയുടെ എരഞ്ഞോളി പഞ്ചായത്ത്തല വിളവെടുപ്പ് ഉദ്ഘാടനം ഒന്നാം വാർഡ് കാളി പുഴയോരത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ നിർവഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. സി.കെ. ഷക്കീൽ, കെ. ഷാജി, എം. ബാലൻ, ഇ. ബാലകൃഷ്ണൻ, കൃഷി ഓഫിസർ കാവ്യ എന്നിവർ സംസാരിച്ചു. പത്ത് സെന്റ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികളാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.
മാഹി: മേഖലയിലെ ഭിന്നശേഷി കൂട്ടായ്മ കരുണ അസോസിയേഷൻ ഓണ നിലാവ് ചലച്ചിത്ര പിന്നണിഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. വീൽചെയറും ശ്രവണ സഹായിയും ചടങ്ങിൽ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പുതുച്ചേരി ആർട്സ് കോളജ് അസി. പ്രഫസർ വിജിത്ര, പ്രധാനാധ്യാപകൻ വിദ്യാസാഗർ, കെ.വി. മുരളിധരൻ, കെ.വി. സന്ദീപ്, ശിവൻ തിരുവങ്ങാടൻ, രതി കോട്ടായി, സജീർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.
അഴിയൂർ പഞ്ചായത്ത് വാർഡ് 16 വികസന ജനകീയ സമിതി ഗ്രാമോണം-23 അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു.
മാഹി: കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങളുടെ ഓണസംഗമം ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മുതിർന്ന തറവാട്ടംഗം കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എ.വി. രത്നകുമാർ വിശിഷ്ടാതിഥിയായിരുന്നു. കെ.പി. ശാന്ത, കെ.പി. ലക്ഷ്മണൻ, കെ.പി. രമേശൻ, കെ.പി. സജീവൻ, ടി. ശശികുമാർ എന്നിവർ സംസാരിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, തിരുവാതിര എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.