ഓണം വിപണി ലക്ഷ്യമിട്ട് വഴിവാണിഭം സജീവം
text_fieldsതലശ്ശേരി: ഓണം അടുത്തെത്തിയതോടെ തലശ്ശേരിയിൽ വഴിയോര കച്ചവടം സജീവമായി. തമിഴ്നാട്, കർണാടക, കൊൽക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് ഓണം പൊലിപ്പിക്കാൻ തുണിത്തരങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി രംഗത്തുള്ളത്.
മിന്നുന്ന കുഞ്ഞുടുപ്പുകൾ, കോട്ടൻ, കൈത്തറി ബെഡ് ഷീറ്റുകൾ, പില്ലോ കവറുകൾ, മാറ്റുകൾ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാരേറെ. ഓണ വിപണി ലക്ഷ്യമിട്ട് നഗരത്തിൽ ഇതര ജില്ലകളിൽ നിന്നുള്ള കച്ചവടക്കാരും നഗരത്തിൽ സജീവമായി. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്താണ് വഴിയോര കച്ചടവക്കാർ കൂടുതലായുമുള്ളത്.
180 രൂപമുതൽ തുടങ്ങുന്നു കുഞ്ഞുടുപ്പുകളുടെ വില. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിൽപന പൊതുവേ കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇടക്കിടെ പെയ്യുന്ന മഴയും തെരുവോര കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
സാധാരണക്കാരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് തെരുവു കച്ചവടക്കാരെയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ആദായ വിൽപനയും ഓഫറുകളുമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും പ്രത്യേക കൗണ്ടർ തുടങ്ങി. പൂ വിൽപനയും തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.