വിഷു വിപണിയിൽ പാലക്കാടൻ കണിക്കലങ്ങൾ
text_fieldsതലശ്ശേരി: വിഷു അടുത്തെത്തിയതോടെ പാലക്കാടൻ മൺപാത്രങ്ങളുമായി സുബ്രഹ്മണ്യനും ഭാര്യ കമലവും സജീവമായി. വിഷുവിന് കണിവെക്കാനുള്ള കലങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്ത മൺപാത്രങ്ങളാണ് ഇവർ വിൽപനക്കായി റോഡരികിൽ നിരത്തിയിട്ടുള്ളത്. 22 വർഷമായി ഈ ദമ്പതികളുടെ സാന്നിധ്യം നഗരത്തിനുണ്ട്. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിനുമുന്നിലെ ടൂറിസ്റ്റ് വാഹന പാർക്കിങ് പരിസരത്താണ് ഇവരുടെ വിൽപന കേന്ദ്രം.
സ്റ്റീൽ, അലൂമിനീയം, ഇൻഡാലിയം പാത്രങ്ങളുടെ തള്ളിക്കയറ്റത്തിൽ ഇടക്കാലത്ത് പിറകോട്ടുപോയ മൺപാത്ര വ്യവസായം പഴയതുപോലെ വീണ്ടും തിരിച്ചുവന്നിട്ടുണ്ട്. പുതുതലമുറയും മൺപാത്രങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നാണ് കച്ചവടക്കാരായ ദമ്പതികൾ പറയുന്നത്. ഗ്യാസ് അടുപ്പിൽ വെച്ച് അപ്പങ്ങളും കറികളും പാകം ചെയ്യുന്നതിന് കട്ടികുറഞ്ഞ മൺപാത്രങ്ങളും വിൽപനക്കായി കൊണ്ടുവന്നിട്ടുണ്ട്. കട്ടികൂടിയതിനും കുറഞ്ഞതിനും വിലയിൽ ചെറിയ വ്യത്യാസമുണ്ട്. കളിമണ്ണിൽ നിർമിച്ച അടുപ്പുകളും ഇത്തവണ വിൽപനക്കുണ്ട്. 10 ലിറ്ററിലേറെ വെള്ളം സൂക്ഷിക്കാവുന്ന ടേപ്പോടുകൂടിയ വലിയ കൂജയാണ് പ്രത്യേകത. 750, 950 എന്നിങ്ങനെയാണ് ഇതിന്റെ വില. അടുപ്പിന് 350, 450 രൂപയും. കണിക്കലവും കറിച്ചട്ടികളുമാണ് ഏറെയുള്ളത്. സാധാരണ വലുപ്പത്തിലുള്ള കണിക്കലത്തിന് വ്യത്യസ്ത വലിപ്പമനുസരിച്ച് 60 രൂപ മുതൽ 550 രൂപ വരെ വിലയുണ്ട്. കറിച്ചട്ടികൾക്ക് 120 രൂപ മുതൽ മേൽപോട്ടാണ് വില. കറുത്ത കറിച്ചട്ടിയുമുണ്ട്. ജഗ്, കൂജ, ഭരണി, ചെടിച്ചട്ടികൾ തുടങ്ങിയവയും സുലഭം. ജഗിന് 220, 320, 420 എന്നിങ്ങനെയാണ് വില. മൺ കൂജക്ക് 250, 350 രൂപ. വേനൽ കടുത്തതോടെ തണുത്ത വെള്ളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കൂജക്ക് ആവശ്യക്കാരേറെയാണ്. ചട്ടികൾക്കും ഭരണിക്കുമൊക്കെ വലുപ്പമനുസരിച്ച് വിലയിൽ അന്തരമുണ്ട്. പുട്ടുകുറ്റി, അപ്പച്ചട്ടി, കുടുക്ക എന്നിവയും വിൽപനക്കുണ്ട്. കളിമണ്ണിന്റെ അപര്യാപ്തതയും പാലക്കാടുനിന്നും തലശ്ശേരി വരെയുള്ള ട്രാൻസ്പോർട്ടിങ് ചാർജിലെ വർധനയും കണക്കിലെടുത്ത് മൺപാത്രങ്ങൾക്ക് വിലയിൽ അൽപം വർധനവുണ്ട്. എന്നാലും ആവശ്യക്കാരേറെയുണ്ടെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
പാലക്കാട് ആലത്തൂർ താലൂക്കിലെ പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയാണ് സുബ്രഹ്മണ്യൻ. വിഷു, ഓണം സീസണുകളിലാണ് ഇവർ നേരത്തെ കച്ചവടത്തിനെത്തിയിരുന്നത്. എന്നാൽ, വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും ഇപ്പോൾ ഇവർ മൺപാത്ര വിൽപനയുമായി തലശ്ശേരിയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.