തീർഥാടകരെ വരവേൽക്കാൻ പറശ്ശിനിക്കടവിൽ ബോട്ടുജെട്ടി ഒരുങ്ങുന്നു
text_fieldsതളിപ്പറമ്പ്: വിനോദസഞ്ചാരികളെയും തീർഥാടകരെയും വരവേൽക്കാൻ ഒരുങ്ങി പറശ്ശിനിക്കടവ് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായുള്ള ബോട്ടുജെട്ടി. തീർഥാടകനഗരിയിൽ എത്തുന്ന വിനോദസഞ്ചാരികൾ അടക്കമുള്ളവരെ ലക്ഷ്യമിട്ട് വളപട്ടണം പുഴയുടെ മനോഹാരിത നേരിട്ടുകാണാനും ആസ്വദിക്കാനും ആവശ്യമായ സൗകര്യമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
നവംബറോടെ ബോട്ടുജെട്ടി തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഏഴു കോടി ചെലവഴിച്ചാണ് പറശ്ശിനിക്കടവിൽ ജെട്ടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയത്. മലബാർ റിവർ ക്രൂയിസിെൻറ ഭാഗമായി പറശ്ശിനിക്കടവിൽ നിർമിക്കുന്ന ബോട്ടുജെട്ടിയുടെ നടപ്പാതയുടെ നിർമാണപ്രവൃത്തി മിക്കവാറും പൂർത്തിയായി. അവസാന മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്.
പതിറ്റാണ്ടുകളായി അപകടാവസ്ഥയിൽ ഉണ്ടായിരുന്ന ബോട്ടുജെട്ടിയുടെ സ്ഥാനത്താണ് പുതിയ പ്രവൃത്തി നടത്തിയത്. മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നദികളോടു ചേർന്ന് 14ഉം കാസർകോട് ജില്ലയിൽ മൂന്നും ജെട്ടികളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. കോവിഡ് മഹാമാരി എത്തിയതോടെ മാസങ്ങളോളം ബോട്ട് സർവിസ് മുടങ്ങിയിരുന്നു. അതോടൊപ്പം പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് തീർഥാടകരുടെ വരവും കുറഞ്ഞു. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ ഉത്തര കേരളത്തിലെ പ്രമുഖ തീർഥാടന ടൂറിസ്റ്റ് നഗരിയായി മാറാനുള്ള തയാറെടുപ്പിലാണ് പറശ്ശിനിക്കടവ്. മനോഹരമായ ജെട്ടിയും അവിടന്ന് ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള നടപ്പാതയും വാഹന പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.