കുയ്യാലി പുഴക്കരയിൽ നിർത്തിയിട്ട ടിപ്പർ ലോറികൾക്ക് തീയിട്ടു
text_fieldsതലശ്ശേരി: കുയ്യാലി പ്രതീക്ഷ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുസമീപം ഇടത്തിലമ്പലം റോഡിലെ പുഴയോരത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് മണൽ കയറ്റാൻ നിർത്തിയിട്ട രണ്ട് ടിപ്പർ ലോറികൾ തീയിട്ട് നശിപ്പിച്ച നിലയിൽ. ഒരു ലോറിയുടെ കാബിൻ ഉൾപ്പെടെ മുൻഭാഗം പൂർണമായും കത്തി. മറ്റൊരു ലോറിയുടെ സീറ്റും വാതിലുമാണ് കത്തിയത്. അർധരാത്രിയാണ് തീയിട്ടതെന്ന് സംശയിക്കുന്നു. എരഞ്ഞോളി പാലത്തിനടുത്ത വിജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറികൾ. എം. സാൻഡ് മണൽ കയറ്റാനായി, ഇവിടെ വാടകക്കെടുത്ത സ്ഥലത്താണ് ലോറികൾ നിർത്തിയിട്ടിരുന്നത്. കത്തിയ ലോറികൾക്ക് തൊട്ടടുത്തായി വലിയ മറ്റൊരു ലോറിയുമുണ്ടായിരുന്നു. ഇതിലെ ഡ്രൈവറാണ് ടിപ്പറുകൾ കത്തുന്നത് ആദ്യം കണ്ടത്.
ഇദ്ദേഹം വിവരം നൽകിയതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ഏതാണ്ട് രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫയർഫോഴ്സ് കണക്കാക്കുന്നു. പെട്രോളൊഴിച്ച് തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.