തലശ്ശേരിയിൽ റോഡ് കൈയേറി പാർക്കിങ്
text_fieldsതലശ്ശേരി: റോഡ് കൈയേറിയുള്ള വാഹന പാർക്കിങ് ജനത്തിന് ദുരിതമാകുന്നു. നഗരത്തിൽ പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിലാണ് നിയമലംഘനം. വാഹനങ്ങൾ റോഡിന് കുറുകെ മണിക്കൂറുകളോളം നിർത്തിയിടുന്നതും വൺവേയിലൂടെ ട്രാഫിക് നിയമം ലംഘിച്ച് ഓടുന്നതും പതിവുകാഴ്ചയായി. തിരക്കുള്ള റോഡുകളിൽ നടപ്പാതകളിലും വാഹനങ്ങളുടെ കൈയേറ്റം സ്ഥിരമാണ്.
എൻ.സി.സി റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് റോഡിന് കുറുകെ അലക്ഷ്യമായി നിർത്തിയിട്ട കാർ ഏറെനേരം വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കി. ചരക്കിറക്കാൻ എത്തിയ ലോറിയും ഇതുവഴി പോകുന്ന സ്വകാര്യ ബസുകളും വഴിയിൽ കുടുങ്ങി.
ലോറിയോട് തൊട്ടുരുമ്മിയാണ് ബസുകൾ മുന്നോട്ടെടുത്തത്. വൺവേയിൽ റോഡിന് കുറുകെ കാർ ദിശ തെറ്റിയാണ് പാർക്ക് ചെയ്തിരുന്നത്. റോഡരികിലായി മറ്റ് കാറുകളും നിരയായി നിർത്തിയിട്ടുണ്ടായിരുന്നു. എൻ.സി.സി റോഡിൽ പാർക്കിങ് നിരോധിച്ചുള്ള ഭാഗങ്ങളിൽ ദിവസവും അനേകം വാഹനങ്ങൾ നിർത്തിയിടാറുണ്ട്.
എന്നാൽ, ഇത് പരിശോധിച്ച് നടപടിയെടുക്കാൻ ട്രാഫിക് പൊലീസ് തയാറാകുന്നില്ല. അനധികൃത പാർക്കിങ്ങും നടപ്പാത കൈയേറ്റവും നഗരത്തിൽ നിർബാധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.