വരുന്നു, തലശ്ശേരിയിൽ പാർക്കിങ് പ്ലാസ
text_fieldsതലശ്ശേരി: നഗരത്തിൽ പാർക്കിങ് പ്ലാസ നിർമാണത്തിനായി സർക്കാർ 10 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷം അധികാരത്തിലേറിയ നഗരസഭ കൗൺസിലിന്റെ അഭ്യർഥന മാനിച്ചാണ് പഴയ ബസ് സ്റ്റാൻഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പാർക്കിങ് പ്ലാസക്കായി സർക്കാർ 10 കോടി അനുവദിച്ചത്. തലശ്ശേരിയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഇത്. നഗരസഭയുടെ ബജറ്റ് അവതരണ പ്രസംഗത്തിൽ വൈസ് ചെയർമാൻ വാഴയിൽ ശശിയാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ മേഖലകളിലെ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള 5,66,95,441 രൂപ മുന്നിരിപ്പും 2022-23 വർഷത്തെ 72,36,49,525 രൂപ വരവും ഉൾപ്പെടെ ആകെ വരവ് 78,03,44,966 രൂപയും 2022 - 23 വർഷത്തിലെ പ്രതീക്ഷിത ചെലവ് 74,09,65,525 രൂപയുടെ നീക്കിയിരിപ്പ് 3,93,79,441 രൂപയും കണക്കാക്കുന്ന 2022-23 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റാണ് കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചത്. ലോക വിനോദ സഞ്ചാര വികസന ഭൂപടത്തിൽ സ്ഥാനം പിടിക്കാനുള്ള ലക്ഷ്യത്തോടെ ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കിയതായി വൈസ് ചെയർമാൻ അറിയിച്ചു.
തലശ്ശേരി റിവർ ക്രൂയിസ് പദ്ധതി നിർവഹണം ആരംഭിച്ചിട്ടുണ്ട്. എരഞ്ഞോളിപ്പാലം മുതൽ കൊടുവള്ളി പാലം വരെ വാട്ടർ സ്പോർട്സിനുള്ള സംവിധാനങ്ങളും നിർവഹണ ഘട്ടത്തിലാണ്. തായലങ്ങാടി സ്ട്രീറ്റ് നവീകരണം, സെന്റ് ജോൺസ് ആംഗ്ലിക്കൽ ചർച്ച് പുനരുദ്ധാരണം, കടൽപാലം പരിസരത്തെ നടപ്പാത നിർമാണം, ഗുണ്ടർട്ട് ബംഗ്ലാവ് നവീകരണം എന്നിവ പൂർത്തിയായി. ജഗന്നാഥ ക്ഷേത്രത്തിൽ നിർമിക്കുന്ന ശ്രീനാരായണഗുരു ചരിത്ര മ്യൂസിയവും അവസാന ഘട്ടത്തിലാണ്. നഗര പരിധിക്കകത്തെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള അമൃത് പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. 15 കോടിയുടേതാണ് പദ്ധതി.
ശുചീകരണ മേഖലയിൽ ഏഴുകോടി 70 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അനുമതിയായി. നഗരത്തിലെ തോടുകളുടെയും ഓവുചാലുകളുടെയും നവീകരണത്തിന് ഒരു കോടി, നഗര സൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കായി ഒരുകോടി, ജനറൽ ആശുപത്രി പരിസരം മുതൽ നഗരസഭ സ്റ്റേഡിയം വരെ എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കാൻ 50 ലക്ഷം, മഞ്ഞോടി ഷോപ്പിങ് കോംപ്ലക്സ് പൂർത്തീകരണത്തിന് മൂന്നുകോടി 86 ലക്ഷം, കീർത്തി ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് 75 ലക്ഷം, എം.ജി റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ രണ്ടരക്കോടി, ജൂബിലി ഷോപ്പിങ് കോംപ്ലക്സിന് അനുബന്ധ കെട്ടിടം നിർമിക്കാൻ 50 ലക്ഷം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഷീ ലോഡ്ജ് നിർമിക്കാൻ 50 ലക്ഷം, കൊടുവള്ളി വാർഡിൽ മോഡൽ അംഗൻവാടി കെട്ടിട നിർമാണത്തിന് 25 ലക്ഷം എന്നിങ്ങനെയും തുക നീക്കിയിട്ടുണ്ട്.
'അമ്മയും കുഞ്ഞും' ആശുപത്രി നിർമാണം ഉടൻ
തലശ്ശേരി ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി 30 ലക്ഷം രൂപ നീക്കിവെച്ചു. പുന്നോൽ പി.എച്ച്.സി സബ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കാൻ 50 ലക്ഷം, തലശ്ശേരി ആയുർവേദ ആശുപത്രിക്ക് 30 ലക്ഷം, ഹോമിയോ ഡിസ്പെൻസറിക്ക് 10 ലക്ഷം, ചാലിൽ, കോടിയേരി പി.എച്ച്.സികൾക്കായി 15 ലക്ഷം എന്നിങ്ങനെയും നീക്കിവെച്ചു.
കോടിയേരി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തും. അനുബന്ധ ചെലവുകൾക്കായി 10 ലക്ഷം രൂപ നീക്കിവെച്ചു. തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ഉടൻ ആരംഭിക്കാനാവുമെന്ന് വൈസ് ചെയർമാൻ പ്രത്യാശിച്ചു.
ഫ്ലാറ്റ് നിർമാണത്തിന് ഒരുകോടി
നഗരസഭയിൽ വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകാൻ കുട്ടിമാക്കൂൽ ടീച്ചർ സ്റ്റോപ്പിന് സമീപം നഗരസഭയുടെ 60 സെന്റ് ഭൂമിയിൽ ഫ്ലാറ്റ് നിർമിക്കാൻ ഒരു കോടി രൂപ നീക്കിവെച്ചു. പുന്നോലിൽ നഗരസഭയുടെ ഭൂമിയിൽ പട്ടികജാതിക്കാർക്കായി ഫ്ലാറ്റ് നിർമിക്കാൻ 50 ലക്ഷവും നീക്കിവെച്ചു.
കൊളശ്ശേരി മിനി സ്റ്റേഡിയം സ്ഥലമെടുപ്പിന് 30 ലക്ഷം
കുട്ടിമാക്കൂൽ മിനി സ്റ്റേഡിയം നവീകരണത്തിന് 20 ലക്ഷവും കൊളശ്ശേരി മിനി സ്റ്റേഡിയം സ്ഥലമെടുപ്പിന് 30 ലക്ഷവും നീക്കിവെച്ചു. കോടിയേരി ഇടത്തട്ടത്താഴ മിനി സ്റ്റേഡിയം നവീകരണത്തിന് 20 ലക്ഷം വകയിരുത്തി. നഗരസഭ പ്രദേശത്ത് പൊതു കളിസ്ഥലം നിർമിക്കാൻ 20 ലക്ഷം നീക്കിവെച്ചു.
സ്കൂൾ കെട്ടിട നിർമാണത്തിന് തുകയായി
തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിനും തിരുവങ്ങാട് ഹയർസെക്കൻഡറി സ്കൂളിനും പുതിയ കെട്ടിട നിർമാണ പ്രവൃത്തികൾക്കായി മൂന്നുകോടി രൂപ വീതം നിർമാണ അനുമതി ലഭ്യമായിട്ടുണ്ട്. ചിറക്കര വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് ഒരു കോടി രൂപയുടെ പുതിയ കെട്ടിട നിർമാണത്തിന് അനുമതിയായി. ഗവ. സ്കൂളുകളിൽ തുമ്പൂർമുഴി മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ഒരുകോടിയും നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.