തലശ്ശേരിയിൽ പേ പാർക്കിങ് പ്രതിഷേധം; നഗരസഭ പിന്മാറി
text_fieldsതലശ്ശേരി: നഗരത്തിൽ പേ പാർക്കിങ് സംവിധാനം ഏർപെടുത്താനുള്ള നഗരസഭയുടെ തീരുമാനം നടപ്പിലായില്ല. ചൊവ്വാഴ്ച നഗരസഭയിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പേ പാർക്കിങ്ങിനെതിരെ രൂക്ഷമായ എതിർപ്പുയർന്നു. ഓണക്കാലമായതിനാൽ പേ പാർക്കിങ് ധിറുതിപിടിച്ച് നടപ്പിലാക്കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചു. മറ്റൊരു ദിവസം സർവകക്ഷി യോഗം വിളിച്ചുകൂട്ടി പുനരാലോചന നടത്താമെന്ന ധാരണയോടെ യോഗം പിരിയുകയായിരുന്നു. പാർക്കിങ്ങിന് സ്ഥലം വേർതിരിക്കാനായി ലൈൻ വരക്കുന്നത് ഇതോടെ നിർത്തിവെച്ചു. തിങ്കളാഴ്ച ആശുപത്രി റോഡിൽ സ്ഥാപിച്ച ട്രാഫിക് കോണുകളും നീക്കി.
ഓണത്തിന് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ പരീക്ഷണാടിസ്ഥാനത്തിൽ പേ പാർക്കിങ് സംവിധാനം നടപ്പാക്കാനാണ് നഗരസഭ നേരത്തെ തീരുമാനിച്ചത്. നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ പഴയ ബസ് സ്റ്റാൻഡ് ജനറൽ ആശുപത്രി റോഡിലാണ് ഈ സംവിധാനം നടപ്പാക്കാൻ ധാരണയായത്. തിങ്കളാഴ്ച രാവിലെ പ്രാഥമിക നടപടികൾ തുടങ്ങുമ്പോഴേക്കും പ്രതിഷേധം ഉയർന്നു. റോഡ് രണ്ട് ഭാഗവും അടച്ചിട്ട് പാർക്കിങ് ലൈൻ വരക്കാൻ നഗരസഭ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടപടി തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകരും ആശുപത്രി റോഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികളിൽ ഒരു വിഭാഗവും രംഗത്തെത്തി. പ്രതിരോധിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തെരുവിലിറങ്ങിയത് വാക്കേറ്റത്തിനും വഴിവെച്ചു. ഇതിനിടയിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ് ലൈൻ വരച്ച ശേഷം ഗതാഗതത്തിനായി റോഡ് തുറന്നു കൊടുക്കുകയായിരുന്നു.
തങ്ങളറിയാതെയാണ് നഗരസഭ പേ പാർക്കിങ് സംവിധാനം നടപ്പാക്കാൻ ഏകപക്ഷീയ തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു വ്യാപാരികളുടെ ആക്ഷേപം. കടയിൽ എത്തുന്ന ഉപഭോക്താക്കൾക്ക് വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലെങ്കിൽ വ്യാപാരമാന്ദ്യം നേരിടുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഓണക്കാലത്തെ വ്യാപാരത്തിൽ കണ്ണും നട്ടിരിക്കുകയാണ് വ്യാപാരികൾ. ഇതിനിടയിൽ പേ പാർക്കിങ് നടപ്പിലാക്കുന്നത് അശാസ്ത്രീയ നടപടിയാണെന്നാണ് അവരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.