യന്ത്രത്തിലായി ജനഹിതം
text_fieldsതലശ്ശേരി: തലശ്ശേരി മേഖലയിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട വാക്കുതർക്കമൊഴിച്ചാൽ എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചില ബൂത്തുകളിൽ യന്ത്രം പണിമുടക്കിയതിനാൽ പോളിങ് മന്ദഗതിയിലായി. രാത്രിയും പോളിങ് നീണ്ടു. ചമ്പാട് വെസ്റ്റ് യു.പി സ്കൂളിലെ 21-ാം നമ്പർ ബൂത്തിൽ രാത്രി ഏഴര വരെ പോളിങ് നീണ്ടു.
വയലളം വെസ്റ്റ് എൽ.പി സ്കൂളിലെ 86, 87 ബൂത്തുകളിൽ രാത്രി ഏഴര വരെയും 85ാം ബൂത്തിൽ എട്ട് വരെയും നീണ്ടു. പുല്ല്യോട് വെസ്റ്റ് എൽ.പി സ്കൂളിലെ ബൂത്ത്, മേനപ്രം എന്നിവിടങ്ങളിലും രാത്രി വരെ പോളിങ് തുടർന്നു. ആയിരത്തിന് താഴെ വോട്ടുകളുള്ള മിക്ക ബൂത്തുകളിലും സമയപരിധിക്കുള്ളിൽ തന്നെ വോട്ടിങ് നടപടികൾ പൂർത്തിയായിരുന്നു.
കൂത്തുപറമ്പ്: പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടെ കൂത്തുപറമ്പ് മേഖലയിൽ പോളിങ് സമാധാനപരം. മിക്ക ബൂത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16ഓളം പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.
ഇതടക്കമുള്ള എല്ലാ ബൂത്തുകളിലും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്ര സേനയെ ഉൾപ്പെടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഒരിടത്തും ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. വോട്ടിങ് മെഷീൻ പ്രവർത്തനത്തിലെ കാലതാമസത്തെതുടർന്ന് പല ബൂത്തുകളിലും മണിക്കൂറുകളോളമാണ് ആളുകൾക്ക് വരിയിൽ നിൽക്കേണ്ടി വന്നത്.
കനത്ത ചൂടിനെ തുടർന്ന് ആളുകൾ കാലത്തുതന്നെ കൂട്ടമായി ബൂത്തിൽ എത്തിയതും തിരക്ക് വർധിക്കാൻ ഇടയാക്കി. കൂത്തുപറമ്പ് നഗരസഭയിലെ മൂരിയാട് സെൻട്രൽ യു.പി സ്കൂൾ ബൂത്ത് 34ൽ ബാലറ്റ് യൂനിറ്റ് പ്രവർത്തിക്കാതിരുന്നതിനാൽ അരമണിക്കൂറോളം വോട്ടെടുപ്പ് നടന്നില്ല. പുതിയത് സ്ഥാപിച്ച് 7.30ന് ശേഷമാണ് വോട്ടിങ് ആരംഭിച്ചത്.
ചെറുവാഞ്ചേരി പൂവ്വത്തൂർ ന്യൂ എൽ.പി സ്കൂൾ 58ാം ബൂത്തിൽ ആറ് മണിക്ക് ശേഷവും 350ഓളം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ വരിയിൽ കാത്തിരുന്നത്. ഈസ്റ്റ് വള്ള്യായി യു.പി സ്കൂൾ, ശങ്കരനെല്ലൂർ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ എട്ടുമണിക്ക് ശേഷമാണ് പോളിങ് അവസാനിച്ചത്.
രാത്രി വൈകിയും പോളിങ്
കണ്ണൂർ: ജില്ലയിൽ രാത്രി വൈകിയും ബൂത്തുകളിൽ നീണ്ട നിര. കണ്ണൂർ പാർലമന്റെ് മണ്ഡലത്തിലെ ധർമടം, മട്ടന്നൂർ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളിലും വടകര മണ്ഡലത്തിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലും കാസർകോട്ടെ കല്യാശ്ശേരി മണ്ഡലത്തിലുമാണ് രാത്രി വൈകിയും പോളിങ് പുരോഗമിച്ചത്. കൂത്തുപറമ്പിലും ധർമടത്തെയും പോളിങ് രാത്രി 9.30വരെ നീണ്ടു. മണിക്കൂറുകളോളം കാത്തിരുന്നാണ് സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ആളുകൾക്ക് വോട്ട് ചെയ്യാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.