പെട്ടിപ്പാലം സമരം ഭരണാധികാരികളെ പാഠം പഠിപ്പിച്ചു -സി.ആർ. നീലകണ്ഠൻ
text_fieldsപുന്നോൽ: ഗ്രാമങ്ങളുടെ നെഞ്ചിലേക്ക് മാലിന്യം തള്ളി മാലിന്യസംസ്കരണമെന്ന പ്രാഥമിക ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഭരണാധികാരികളെ പാഠം പഠിപ്പിച്ച ജനകീയ മുന്നേറ്റമായിരുന്നു പെട്ടിപ്പാലം സമരമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. പെട്ടിപ്പാലം സമര വിജയത്തിന്റെ പത്താം വാർഷികസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പെട്ടിപ്പാലം സമരം സമാനമായ നിരവധി ജനകീയമുന്നേറ്റങ്ങൾക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.
ഒരുദിവസം പോലും മാലിന്യം തള്ളുന്നത് തുടരാൻ അനുവദിക്കില്ലെന്ന പെട്ടിപ്പാലം സമരസമിതികളുടെ നിശ്ചയദാർഢ്യമാണ് സമരത്തെ സമ്പൂർണ വിജയത്തിലെത്തിച്ചതെന്നും ഇത് ജനകീയ മുന്നേറ്റങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദീകൃത മാലിന്യ സംസ്കരണ പദ്ധതികൾ അപ്രായോഗികവും അഴിമതിക്കുള്ള മറയും മാത്രമാണ്. പൊതുജനാരോഗ്യ സംരക്ഷണസമിതി ജനറൽ കൺവീനർ പി.എം. അബ്ദുൽനാസിർ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം ശഹദിയ മധുരിമ, സി.ആർ. റസാക്ക്, എൻ.വി. അജയകുമാർ, ജബീന ഇർഷാദ്, മധു കക്കാട്, സിദ്ദീഖ് സന, റസിയ ലത്തീഫ്, എ.പി. അജ്മൽ, സജ്ജാദ് അഹ്മദ് എന്നിവർ സംസാരിച്ചു. 10 വർഷം മുമ്പ് സമരത്തിൽ പങ്കെടുത്തവരിൽ മിക്കവരും സംഗമത്തിൽ സംബന്ധിച്ചു. പ്രായാധിക്യംകൊണ്ട് പ്രയാസം അനുഭവിക്കുന്നവരുൾപ്പെടെ ഉള്ളവരുടെ സാന്നിധ്യം ആവേശകരമായി. സമരാവേശം നിലനിർത്തുമെന്നും കെ-റെയിൽ ഉൾപ്പെടെ ഒരു ജനവിരുദ്ധ പദ്ധതിയും പ്രദേശത്ത് അനുവദിക്കില്ലെന്നുമുള്ള പ്രതിജ്ഞ ഉൾക്കൊണ്ടാണ് അവർ മടങ്ങിയത്. സി.പി. അഷറഫ് സ്വാഗതവും എ.പി. അർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.