തലശ്ശേരിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി
text_fieldsതലശ്ശേരി: തിങ്കളാഴ്ച വരെ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പൊലീസ് സുരക്ഷ കർശനമാക്കി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് തലശ്ശേരിയിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
എന്നാൽ, നിരോധനാജ്ഞ ലംഘിച്ച് വെള്ളിയാഴ്ചയും ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത് നഗരത്തിൽ സംഘർഷാന്തരീക്ഷത്തിന് വഴിയൊരുക്കി. വെള്ളിയാഴ്ചത്തെ പ്രകടനം ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടയുകയായിരുന്നു. ക്രമസമാധാനപാലനം വിലയിരുത്താൻ ജില്ലയിലെ പൊലീസ് മേധാവികൾ ശനിയാഴ്ച തലശ്ശേരിയിലെത്തി. ഉത്തരമേഖല ഐ.ജി അശോക് യാദവ് തലശ്ശേരി എ.സി.പി ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡി.ഐ.ജി കെ. സേതുരാമൻ, കണ്ണൂർ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പൊലീസ് ജാഗ്രത ഉണ്ടായെങ്കിലും ബി.ജെ.പി റാലിയിലെ അതിരുവിട്ട മുദ്രാവാക്യമാണ് നഗരത്തിൽ സംഘർഷത്തിെൻറ വിത്തുപാകിയത്.
അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലയിലെ പൊലീസ് സേനക്ക് മേധാവികൾ കർശന നിർദേശം നൽകിയിട്ടുണ്ട്. വാഹനപരിശോധന കർശനമാക്കുന്നതോടൊപ്പം സംശയമുള്ളവരെ നിരീക്ഷിക്കാനും പൊലീസ് സജ്ജമായിട്ടുണ്ട്. നഗരത്തിൽ പൊലീസ് നിരീക്ഷണത്തിന് തലശ്ശേരി എ.സി.പി വിഷ്ണുപ്രദീപ്, സി.ഐ കെ. സനൽ കുമാർ എന്നിവർ മേൽനോട്ടംവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.