ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കൽ: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം
text_fieldsതലശ്ശേരി: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഒളികാമറയിൽ പകർത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലായത്. പൊതുസ്ഥലങ്ങളിൽ അതിരുവിട്ട സ്നേഹസൗഹൃദം പ്രകടിപ്പിക്കുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായാണ് പൊലീസ് രംഗത്തിറങ്ങിയിട്ടുള്ളത്.
ഉദ്യാനങ്ങൾ കേന്ദ്രീകരിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന സംഘം കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.
ദൃശ്യം പുറത്തുവന്നതോടെ പരാതിയുമായി ചിലർ പൊലീസിനെ സമീപിച്ചതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലായത്.തലശ്ശേരി ഓവർബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് ദൃശ്യങ്ങൾ പകർത്തിയവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യതയിലേക്കാണ് സംഘം ഒളികാമറ നീട്ടിയത്.
ദൃശ്യങ്ങൾ പ്രത്യേക ഗ്രൂപ്പുവഴി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ മാനഹാനിയിലാണ് പലരും. ജില്ല കോടതിക്ക് സമീപത്തെ സെന്റിനറി പാർക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്.
അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്ലോഡ് ചെയ്തതായി പൊലീസ് പറഞ്ഞു. തലശ്ശേരി കോട്ടയിൽനിന്നടക്കം ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രത്യേക ഇടങ്ങളിലാണ് ഇവർ ഒളികാമറ സ്ഥാപിക്കുന്നത്. ഉദ്യാനങ്ങളിൽ പകൽ എത്തുന്നവരിലേറെയും വിദ്യാർഥികളാണ്.
ഉദ്യാനകേന്ദ്രങ്ങളിൽ വനിത പൊലീസുകാരെയടക്കം നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.