പൊന്ന്യം ബോംബ് സ്ഫോടനം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsതലശ്ശേരി: പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. സ്ഫോടനത്തിൽ പരിക്കേറ്റ മാഹി അഴിയൂർ സ്വദേശി കെ.ഒ. ഹൗസിൽ ധീരജ് (28) ആണ് അറസ്റ്റിലായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഡിസ്ചാർജ് ചെയ്ത ശേഷം തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരുടെ എണ്ണം ഇതോടെ മൂന്നായി.
ആറംഗ സംഘമാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഗുരുതര പരിക്കേറ്റ മാഹി അഴിയൂരിലെ കല്ലറോത്ത് റമീഷ് (32) തലശ്ശേരി സഹകരണ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. കതിരൂര്‍ സ്വദേശി സജൂട്ടി എന്ന കെ.വി. സജിലേഷ് (32), പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ അശ്വന്ത് (22) എന്നിവരാണ് നേരത്തെ അറസ്റ്റിലായി റിമാൻഡിലായത്.
സജിലേഷിനെ പിന്നീട് തോട്ടടയിലുള്ള കോവിഡ് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ആറുപേരാണ് പ്രതിപട്ടികയിലുള്ളത്. ആദ്യം അറസ്റ്റിലായ അശ്വന്ത് തലശ്ശേരിയിലെ സി.പി.എം വിമതനായ സി.ഒ.ടി. നസീർ വധശ്രമക്കേസിൽ മൂന്നാം പ്രതിയാണ്. ബോംബ് നിർമാണ സംഘത്തിലുള്ള മറ്റു രണ്ട് രണ്ടുപേരെ പൊലീസിന് കണ്ടെത്താനായില്ല. ധീരജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.