തലശ്ശേരി ജൂബിലി റോഡിൽ വാരിക്കുഴികൾ
text_fieldsതലശ്ശേരി: നഗരത്തിൽ പ്രധാന വാണിജ്യകേന്ദ്രമായി മാറുന്ന ജൂബിലി റോഡിന്റെ ദുരവസ്ഥയാണ് ഈ ചിത്രങ്ങൾ. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്ന പാതയിൽ യാത്ര അനുദിനം ദുരിതപൂർണമാണ്. ഡൗൺ ടൗൺ മാളിനും യതീംഖാനക്കുമിടയിലെ 15 മീറ്ററിനുളളിൽ വലിയ വാരിക്കുഴികളാണ് റോഡിൽ വാഹനങ്ങൾക്ക് ഭീഷണിയായി മാറിയത്. മഴ പെയ്യുമ്പോൾ ചളിക്കുളമാണെങ്കിൽ മറ്റു സമയങ്ങളിൽ പൊടിപൂരമാണിവിടെ. റോഡിന്റെ ദുരവസ്ഥയിൽ ദിവസവും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അടിമകളാവുകയാണെന്ന് വ്യാപാരികൾ പറയുന്നു.
പി.ഡബ്ല്യു.ഡി നഗരസഭക്ക് കൈമാറിയ റോഡാണിത്. എന്നാൽ, റോഡിന്റെ അറ്റകുറ്റപ്പണി നീളുന്നതിനാൽ വ്യാപാരികൾക്കും വാഹനമോടിക്കുന്നവർക്കും ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. ആഗസ്റ്റ് 31 നാണ് ടാറിങ് മിക്സ് ഉപയോഗിച്ച് കുഴി അവസാനമായി അടച്ചത്. ഇത് ഒരാഴ്ചക്ക് ശേഷം ഒറ്റമഴയിൽ ഒലിച്ചു പോവുകയാണുണ്ടായതെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു.
ഡൗൺ ടൗൺ മാളിന് മുന്നിൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിയുന്നിടത്താണ് റോഡിന് നടുവിലായി വലിയ കുഴിയുളളത്. ഇവിടെ കല്ലുകൾ ചുറ്റുപാടുമായി ചിതറിക്കിടക്കുകയാണ്. യതീംഖാന പരിസരത്ത് റോഡിന്റെ വലിയൊരു ഭാഗം ഉഴുതുമറിച്ച അവസ്ഥയിലാണ്. മഴ പെയ്യുമ്പോൾ റോഡിലെ കുഴികൾ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.
റോഡ് നവീകരണ സമയത്ത് മുമ്പത്തേക്കാൾ ഉയർത്തിയതായിരുന്നു. എന്നാൽ, പ്രതലം നേരെയാക്കാത്തതിനാൽ ഭാരമുള്ള വാഹനങ്ങൾ പോകുന്ന സമയത്ത് ടാറിങ് ഇളകി ഇപ്പോൾ കാണുന്ന പരുവത്തിലാവുകയായിരുന്നു. ചെറിയ രീതിയിൽ പൊട്ടിയ ഇടങ്ങളിലെല്ലാം മെറ്റലിളകി ഗർത്തം രൂപപ്പെട്ടു. പൊടിപടലമുള്ളതിനാൽ നേരെചൊവ്വ വ്യാപാരം നടത്താൻ സാധിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരിഭവം.
അപകടങ്ങൾ നിരവധി
റോഡിലെ കുഴിയിൽ താണ് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടതായി ജൂബിലി റോഡിൽ ഡ്യൂട്ടി ഫ്രീ ഷോപ് നടത്തുന്ന ഇ.ടി. സനീഷ് പറഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് കൂടുതലും അപകടത്തിൽപെട്ടത്. ഒരു യുവതിയും മറ്റൊരിക്കൽ കുടുംബവും സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണതായി സനീഷ് പറഞ്ഞു. രാത്രിയും പകലുമായി ഡസനിലേറെ വാഹനങ്ങൾ കുഴിയിൽ തെന്നിവീണതായി സമീപവാസികൾ പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് പലരും രക്ഷപ്പെട്ടത്. രാത്രികാലങ്ങളിൽ റോഡിലെ വെളിച്ചക്കുറവും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
മഴ മാറിയാൽ പണി തുടങ്ങും-കെ.എം. ജമുനാറാണി (തലശ്ശേരിനഗരസഭ ചെയർപേഴ്സൻ)
ഇടക്കിടെയുള്ള മഴ കാരണമാണ് ജൂബിലി റോഡിന്റെ അറ്റകുറ്റപ്പണി നീണ്ടുപോവുന്നത്. മഴയത്ത് നടത്തിയ പ്രവൃത്തിയെല്ലാം പാഴായി. മഴ മാറിയാലുടൻ റോഡിൽ ടാറിങ് നടത്തി കുറ്റമറ്റതാക്കും.
അധികൃതർ ഉണരണം
തലശ്ശേരി നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമെന്ന നിലയിലും തിരുവനന്തപുരം വരെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതുമായ ജൂബിലി റോഡിന്റെ ദുരവസ്ഥക്ക് ശാശ്വത പരിഹാരം കാണണം. റോഡിന്റെ ശോച്യാവസ്ഥ മാസങ്ങളേറെയായിട്ടും പരിഹരിക്കാത്തത് പ്രതിഷേധാർഹമാണ്. അധികൃതർ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം- എ.പി. അജ്മൽ (ജൂബിലി റോഡിലെ വ്യാപാരി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.