പലവ്യഞ്ജന സാധനങ്ങൾക്കും തീവില
text_fieldsതലശ്ശേരി: കുടുംബ ബജറ്റ് താളംതെറ്റിച്ച് പലവ്യഞ്ജനങ്ങൾക്കും ക്രമാതീതമായ വിലക്കയറ്റം. രണ്ട് മാസത്തിനിടെ അരിയും ധാന്യങ്ങൾക്കുമടക്കം വിപണിയിൽ വൻ വിലക്കയറ്റമാണുണ്ടായത്. പൊന്നി, കുറുവ ഇനം അരികൾക്ക് ചില്ലറ വിപണിയിൽ നാലും അഞ്ചും രൂപയുടെ വർധനയാണുണ്ടായത്.
പൊന്നി അരിയിൽ വിലയിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന നൂർജഹാന് രണ്ടു മാസം മുമ്പ് ചില്ലറ വിപണിയിൽ 35 രൂപയായിരുന്നു. ഇപ്പോൾ 42 ലേക്ക് ഉയർന്നു. പൊന്നിയിലെ മുന്തിയ ഇനത്തിന് 56 രൂപ വരെയുണ്ട്. കുറുവ 40 മുതൽ 48 വരെ. ബിരിയാണി അരിക്ക് വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടില്ല. പഞ്ചസാരക്കും അഞ്ച് രൂപ വരെ വർധനയുണ്ടായി.
38 രൂപയുണ്ടായിരുന്ന പഞ്ചസാര 43ൽ എത്തി. മൈദക്കും ഇതേ നിരക്കാണ്. ജീരകത്തിനാണ് അനിയന്ത്രിതമായ വിലക്കയറ്റം. മാസങ്ങൾക്ക് മുമ്പ് 400 രൂപയുണ്ടായിരുന്ന നല്ല ജീരകത്തിന് വില നേരെ ഇരട്ടിയായി. വലിയ ജീരകം വില 200ൽ നിന്ന് 400 ആയി. മുളക്, മല്ലി, മഞ്ഞൾ, വെളുത്തുള്ളി, പുളി, ചെറിയ ഉള്ളി തുടങ്ങി തൊട്ടതിനെല്ലാം വില കുതിച്ചുയരുകയാണ്.
വെളുത്തുള്ളി വില 120ൽ നിന്ന് 180 ആയി ഉയർന്നു. 130 രൂപ വിലയുള്ള മഞ്ഞളിന് 180 ആയി. മല്ലിക്കും മുളകിനും നേരിയ വിലക്കയറ്റമുണ്ട്. പിരിമുളക് വരവ് കുറഞ്ഞതിനാൽ വില 500ൽ എത്തിനിൽക്കുന്നു.
കുരുമുളകിനും താങ്ങാനാവാത്ത വിലക്കയറ്റമാണ്. കഴിഞ്ഞ മാസം ചില്ലറ മാർക്കറ്റിൽ കിലോവിന് 550 രൂപയുണ്ടായിരുന്ന കുരുമുളകിന് 700 രൂപയായി. ധാന്യങ്ങളിൽ ചിലതിനും വിലക്കയറ്റം ബാധിച്ചു.
120 രൂപയുണ്ടായിരുന്ന കറി പരിപ്പിന് 160 ഉം ചെറുപയറിന് 140ഉം ആയി വർധിച്ചു. മറ്റു സാധനങ്ങളുടെ വില ഉയരുന്നതിന്റെ മറവിൽ പശുവിൻ നെയ്യ്, വെളിച്ചെണ്ണ, ഓയിൽ, സൂര്യക്കാന്തി ഓയിൽ എന്നിവക്കെല്ലാം നാൾക്കുനാൾ വില ഉയരുകയാണ്. ഓണം അടുക്കുന്നതോടെ ഇനിയും വില കൂടുമെന്നത് ആശങ്കക്കിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.