റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവം; ഡ്രൈവറിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി
text_fieldsതലശ്ശേരി: കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവത്തില്‍ ലോറി ഡ്രൈവറിൽ നിന്നും റെയിൽവേ നഷ്ടപരിഹാരം ഈടാക്കി. ഡ്രൈവർ തമിഴ്നാട്‍ സ്വദേശി ശരണ്‍രാജിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കിയത്. കഴിഞ്ഞ ദിവസം ടവർ നിർമാണ സാമഗ്രികളുമായി ഇരിക്കൂറിലേക്ക് പോകുകയായിരുന്ന ലോറി കൊടുവള്ളി ഇല്ലിക്കുന്ന് കയറ്റത്തില്‍നിന്ന് നിയന്ത്രണംവിട്ട് പിന്നോട്ടിറങ്ങിയാണ് കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്തത്. അപകടത്തെ തുടർന്ന് രണ്ടര മണിക്കൂറോളം ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടു.
റെയില്‍വേ ഗേറ്റ് തകര്‍ത്തതിന് 48,000 രൂപയും ട്രെയിനുകള്‍ വൈകിപ്പിച്ചതിന് 1,30,000 രൂപയുമാണ് പിഴയായി ഈടാക്കിയത്. ഇതില്‍ 48,000 രൂപ ലോറി ഡ്രൈവര്‍ നൽകി. ബാക്കി തുക നല്‍കാന്‍ സമയവും ആവശ്യപ്പെട്ടു. അപകടം കാരണം മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് വൈകിയത്. മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനുകളും വൈകി. ഇതുവഴിയുള്ള വാഹന ഗതാഗതവും സ്തംഭിച്ചിരുന്നു. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി പിന്നീട് നീക്കിയത്. നഷ്ടപരിഹാര തുക അടച്ചെങ്കിൽ മാത്രമെ ലോറി വിട്ടുകൊടുക്കുകയുള്ളൂ. റെയിൽവേ എൻജിനീയറിങ് വിഭാഗമാണ് നഷ്ടപരിഹാര തുക കണക്കാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.