കടലിൽ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു
text_fieldsതലശ്ശേരി: കാഞ്ഞങ്ങാടുനിന്ന് തിരൂരിലേക്ക് പോകുന്നതിനിടയിൽ കടൽക്ഷോഭത്തിൽപെട്ട മത്സ്യബന്ധന യാനത്തിലെ രണ്ടു തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ താനൂർ ഉണ്ണിയാൽ സ്വദേശികളായ കുറ്റിയേച്ചാന്റെ പുരക്കൽ ഹൗസിൽ ഹംസക്കോയയുടെ മകൻ നൗഫൽ (29), കൊണ്ടാരന്റെ പുരക്കൽ ഇമ്പിച്ചിവാവയുടെ മകൻ ജലാൽ (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും കാറ്റും മറ്റു പ്രതികൂല സാഹചര്യങ്ങളാലും തുടരാൻ പറ്റാതെ തിരിച്ചുപോവുകയായിരുന്നു. തുടർന്ന് എ.ഐ.ജി പൂങ്കുഴലിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി ഷഹൻഷയുടെ മേൽനോട്ടത്തിൽ തലശ്ശേരി തീരദേശ പൊലീസ് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരെയും കണ്ടെത്താനായത്. മത്സ്യബന്ധന യാനം ചോമ്പാലയിലും അവശരായി കാണപ്പെട്ട നൗഫലിനെയും ജലാലുവിനെയും തലശ്ശേരിക്കടുത്ത് കടലിലുമാണ് കണ്ടെത്തിയത്.
ഇരുവർക്കും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. തീരദേശ പൊലീസ് സി.ഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ എസ്.ഐ മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ധന്യൻ, ഷാരോൺ, വിജേഷ്, ഷംസീറ, കോസ്റ്റൽ വാർഡന്മാരായ നിരഞ്ജൻ, സുഹാസ്, സരോഷ്, സുഗേത്ത്, സ്രാങ്ക് അഭിജിത്ത് എന്നിവർ പങ്കെടുത്തു. റെസ്ക്യൂ ഓപറേഷനിലൂടെയാണ് ഇരുവരെയും രക്ഷിച്ചത്. ശക്തമായ തിരമാലകളെയും കാറ്റിനെയും അവഗണിച്ച് മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തിയ തീരദേശ പൊലീസിന്റെ സേവനം പ്രശംസിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.