തലശ്ശേരി നഗരപരിധിയിൽ പ്രചാരണബോർഡുകൾക്കും തോരണങ്ങൾക്കും നിയന്ത്രണം
text_fieldsതലശ്ശേരി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും തോരണങ്ങളും കെട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.അനുവദനീയമായ സ്ഥലങ്ങളിൽ വെക്കുന്ന പ്രചാരണസാമഗ്രികൾ പരിപാടി കഴിഞ്ഞ് പരമാവധി രണ്ടു ദിവസത്തിനുള്ളിൽ സ്വമേധയാ നീക്കം ചെയ്യണം.
രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പരസ്യ ബോർഡ് വെക്കുന്നതിന് മുൻകൂട്ടി നഗരസഭയുടെ അനുവാദം വാങ്ങണമെന്നും ചെയർപേഴ്സൻ കെ.എം. ജമുനാ റാണിയുടെ അധ്യക്ഷതയിൽ നഗരസഭ ഓഫിസിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. ലോകകപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ബന്ധപ്പെട്ടവർ തന്നെ ഉടൻ സ്വന്തം ഉത്തരവാദിത്തത്തിൽ മാറ്റണം.
അല്ലാത്തപക്ഷം പൊലീസ് കേസുൾപ്പെടെ നിയമനടപടിയുണ്ടാകും. മുൻ തീരുമാനപ്രകാരം പ്രചാരണ സാമഗ്രികൾ വെക്കുന്നത് നിരോധിച്ച പഴയ ബസ് സ്റ്റാൻഡ്, എം.ജി റോഡ്, ബി.ഇ.എം.പി സ്കൂൾ പരിസരം, പഞ്ചാര കിണർ, ഹോസ്പിറ്റൽ റോഡ്, പുതിയ ബസ് സ്റ്റാൻഡ് ക്ലോക്ക് ടവർ പരിസരം, പാട്യം ഗോപാലൻ സി.സി. ഉസ്മാൻ റോഡ്, ഹൈ മാസ്സ് -ലോ മാസ്സ് ലൈറ്റുകളുടെ തൂണുകൾ എന്നിവിടങ്ങളിൽ പ്രചാരണ ബോർഡ് വെച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും.
ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്രചാരണസാമഗ്രികൾ സ്ഥാപിക്കരുത്. ഇക്കാര്യങ്ങളിലെല്ലാം മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ചെയർമാൻ അഭ്യർഥിച്ചു. ഹൈകോടതി നിർദേശപ്രകാരം നഗരസഭ ചെയർപേഴ്സൻ, സെക്രട്ടറി, എസ്.എച്ച്.ഒ, പി.ഡബ്ല്യു.ഡി, എൻ.എച്ച് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ മോണിറ്ററിങ് കമ്മിറ്റി ഇതിനായി രൂപവത്കരിച്ചു.
വൈസ് ചെയർമാൻ വാഴയിൽ ശശി, സെക്രട്ടറി ബിജുമോൻ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കാത്താണ്ടി റസാഖ്, പൊന്ന്യം കൃഷ്ണൻ, എം.പി. സുമേഷ്, അനിൽകുമാർ, കെ. അജേഷ്, കെ. വിനയരാജ്, പവിത്രൻ നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.