അപകടക്കെണിയായി സർവിസ് റോഡുകൾ
text_fieldsതലശ്ശേരി: തലശ്ശേരി-മാഹി ബൈപാസ് സർവിസ് റോഡിൽ നിർമാണം പൂർത്തിയാവാത്ത ഭാഗങ്ങളിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടന്നത്. നിട്ടൂർ ബാലത്തിൽ സർവിസ് റോഡിൽ തലശ്ശേരി മുബാറക്ക ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി പാറാൽ സ്വദേശി പി.പി. ഹയാൻ ഫാദിൽ ബൈക്ക് മറിഞ്ഞ് മരിച്ച സംഭവമാണ് ഒടുവിലത്തേത്. കൊളശ്ശേരി ബാലം സർവിസ് റോഡിൽ 100 മീറ്ററോളം ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
ടോൾവെട്ടിക്കാൻ വലിയ വാഹനങ്ങൾ സർവിസ് റോഡ് വഴി കടന്നുപോകുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതായും ആക്ഷേപമുണ്ട്. റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്. ബൈപാസിന്റെ ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴും സർവിസ് റോഡിന്റെ പ്രവൃത്തി പാതിവഴിയിലാണ്. പെരിങ്കളം, ഇല്ലത്ത് താഴെ, പാറാൽ, ചോനാടം- കൊളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇനിയും പ്രവൃത്തി പൂർത്തിയായിട്ടില്ല. ദേശീയപാത അതോറിറ്റിക്കാണ് സർവിസ് റോഡുകളുടെ നിർമാണ ചുമതല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെന്നല്ലാതെ ഒരു പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.