റോഡുകൾ അടഞ്ഞു: വിദ്യാർഥികൾക്കിത് ദുരിതയാത്ര
text_fieldsതലശ്ശേരി: കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി എം.ജി റോഡ് വഴിയുളള യാത്രക്ക് ചൊവ്വാഴ്ച മുതൽ നിരോധനം ഏർപ്പെടുത്തി. റോഡ് നവീകരിക്കുന്നതിന്റെ മുന്നോടിയായി വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്.
പൈപ്പ് മാറ്റുന്ന പ്രവൃത്തി പൂർത്തിയായാൽ റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രാരംഭ ജോലികൾ തുടങ്ങും. ജനറൽ ആശുപത്രി റോഡിന് പുറമെ എം.ജി റോഡും അടച്ചതിനാൽ നഗരത്തിലെത്തുന്ന വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായത്. അരക്കിലോ ചുറ്റളവിൽ അഞ്ച് ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ തലശ്ശേരി ടൗണിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രാഥമിക വിദ്യാലയങ്ങൾ വേറെയും. ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും കാൽ നടയായും എത്തുന്ന വിദ്യാർഥികൾക്ക് റോഡ് നിർമാണം പൂർത്തിയാകുന്നത് വരെ യാത്ര ബുദ്ധിമുട്ടാകും. ജനറൽ ആശുപത്രി റോഡും കോൺക്രീറ്റ് ചെയ്യുന്നതിനാൽ കഴിഞ്ഞ ഒരു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയാണ്.
രണ്ട് റോഡുകളിലും ഒരേസമയം പ്രവൃത്തി നടത്തുന്നതിനാൽ വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഹാർബർ എൻജിനീയറിങ് വിഭാഗത്തിൽ നിന്നും അനുവദിച്ച 2.50 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. രണ്ടു റോഡുകളും കോൺക്രീറ്റ് ചെയ്ത് പൂർണമായി തുറക്കണമെങ്കിൽ ഒരു മാസത്തിലേറെ ഇനിയും കാത്തിരിക്കണം.
ജനറൽ ആശുപത്രി റോഡിന്റെ നിർമാണം ചൊവ്വാഴ്ച വൈകീട്ട് പുനരാരംഭിച്ചെങ്കിലും രാത്രിയിൽ മാത്രമേ പ്രവൃത്തി നടത്തുന്നുള്ളു. പകൽ സമയങ്ങളിൽ വെയിലിന് കാഠിന്യം കൂടിയതിനാൽ നിർമാണ ജോലികൾ ചെയ്യുന്നതിന് തൊഴിലാളികൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
വിവാഹ സീസണായതിനാൽ റോഡ് അടച്ചിട്ടത് തുണി വ്യാപാരികളെയാണ് കാര്യമായി ബാധിച്ചത്. ടൗണിൽ വാഹനങ്ങൾ നിർത്തിയിടാൻ മതിയായ ഇടമില്ലാത്തതിനാൽ ടൗണിലേക്ക് ആളുകളുടെ വരവും കുറയുകയാണ്. എം.ജി റോഡ് അടച്ചതിനാൽ കുയ്യാലി, ഗുഡ്സ് ഷെഡ് റോഡ് വഴിയുള്ള യാത്രയാണ് ആളുകൾക്ക് കൂടുതൽ ദുഷ്കരമായിട്ടുള്ളത്. ഇതുവഴിയുള്ള വാഹനങ്ങളുടെ കുരുക്ക് ചില നേരങ്ങളിൽ നഗരത്തെയാകെ ബാധിക്കുന്ന അവസ്ഥയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.