കാത്തിരിപ്പ് അവസാനിച്ചു; തലശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു
text_fieldsതലശ്ശേരി: നീണ്ട മുറവിളികൾക്കൊടുവിൽ നഗരത്തിൽ ആധുനിക ശൗചാലയം പ്രവർത്തനസജ്ജമായി. കേരള സർക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം പുതിയ ബസ് സ്റ്റാൻഡ് സദാനന്ദപൈ പെട്രോൾ പമ്പ് പരിസരത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം വ്യാഴാഴ്ച രാവിലെ സ്പീക്കർ എ.എൻ. ഷംസീർ നാടിന് സമർപ്പിച്ചു.
നഗരസഭയിലെ 2019-20 വാർഷിക പദ്ധതിയിൽ 48 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച് നിർവഹണം നടത്തിയ പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. 120.90 ച.മീ വിസ്തീർണത്തിലാണ് കെട്ടിടം സജ്ജമാക്കിയത്. കെട്ടിടനിർമാണം പൂർത്തിയായി ഒരു വർഷമായെങ്കിലും വെള്ളം ലഭ്യമാകാത്തതു മൂലം ഉദ്ഘാടനം നീളുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ എതിർ വശത്തുള്ള ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽനിന്ന് റോഡിനടിയിലൂടെയാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. 32 ശൗചാലയങ്ങളും വിശ്രമമുറി, ക്ലോക്ക് റൂം, കഫ്റ്റീരിയ എന്നിവയുമാണ് കെട്ടിടത്തിലുള്ളത്. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമിച്ചത്.
ടെൻഡർ ക്ഷണിച്ച് കെട്ടിടം നടത്തിപ്പിന് നൽകാനാണ് തീരുമാനം. തലശ്ശേരി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം മറ്റൊരു വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇതും യാഥാർഥ്യമാകുന്നതോടെ നഗരത്തിലെത്തുന്ന ജനങ്ങൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ ഇടമില്ലാത്ത പ്രശ്നം പരിഹരിക്കപ്പെടും.
നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. നഗരസഭ എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. ജസ്വന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. സാഹിറ, തബസം, സി.കെ. രമേശൻ, പൊന്ന്യം കൃഷ്ണൻ, എൻ. മോഹനൻ, എം.പി. സുമേഷ്, ടി.പി. ഷാനവാസ്, വരക്കൂൽ പുരുഷു, ജോർജ് പീറ്റർ, വർക്കി വട്ടപ്പാറ എന്നിവർ സംസാരിച്ചു. നഗരസഭയിലെ സ്ഥിരം സമിതി ചെയർമാന്മാരും പാർട്ടി കൗൺസിൽ ലീഡർമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതവും പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എം.വി. ജയരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.