വിശ്രമമുറിയിൽ കവർച്ച; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ
text_fieldsതലശ്ശേരി: നാഷനൽ റേഡിയോ ഇലക്ട്രോണിക്സ് തലശ്ശേരി ഷോറൂമിലെ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച. കവർച്ചക്കാരെ മണിക്കൂറുകൾക്കുള്ളിൽ എസ്.ഐ എ. അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടിപ്പാലം സ്വദേശി പി. നസീർ (28), ചാലിൽ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന മുത്തു (40) എന്നിവരാണ് അറസ്റ്റിലായത്. ചിറക്കര പള്ളിത്താഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പിറകുവശത്ത് ജീവനക്കാരികൾ വിശ്രമിക്കുന്ന മുറിയിലാണ് കവർച്ച നടന്നത്.
ജീവനക്കാരികളായ അക്ഷരയുടെ ബാഗിൽ നിന്ന് 600 രൂപയും ഷീജയുടെ ബാഗിൽനിന്ന് 800 രൂപയും ആധാർകാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകളുമാണ് കവർന്നത്. മറ്റൊരു ജീവനക്കാരി ചിറക്കരയിലെ വാടിക്കൽ ഹൗസിൽ പി. ജിൻഷയുടെ ബാഗ് എടുത്തുകൊണ്ടുപോവുകയും ചെയ്തു.
ജിൻഷയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ നസീറും മുഹമ്മദ് മുസ്തഫയുമാണ് കവർച്ചക്ക് പിറകിലെന്ന് തെളിഞ്ഞു. തുടർന്ന് പൊലീസ് ടൗൺ മുഴുവൻ പരിശോധന നടത്തിയപ്പോഴാണ് രണ്ടുപേരും പിടിയിലായത്.
എ.എസ്.ഐ ജയകൃഷ്ണൻ, സി.പി.ഒമാരായ സന്ദീപ്, ജിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. നസീറിനെതിരേ ന്യൂമാഹി പൊലീസ് നേരത്തെ കാപ്പചുമത്തി കേസെടുത്തിരുന്നു. മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് മുസ്തഫ. നസീറും കവർച്ചക്കേസുകളിൽ നേരത്തെ പ്രതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.